അല്‍ഫോന്‍സ് കണ്ണന്താനം മുതൽ ജെ.മേഴ്‌സിക്കുട്ടിയമ്മ വരെ എന്‍. പ്രശാന്ത് ഐഎഎസിൻ്റെ പരിഹാസങ്ങൾക്കു പാത്രമായവരാണ്. അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോള്‍ 2017ല്‍ പ്രൈവറ്റ് സെക്രട്ടറി പ്രശാന്തായിരുന്നു. രൂക്ഷമായ അഭിപ്രായഭിന്നതയെ തുടര്‍ന്ന് ഒടുവിൽ ഒഴിവാക്കി. ‘ബാങ്ക് മാനേജര്‍ ബാങ്ക് കുത്തിത്തുറക്കുന്നതു കാണുമ്പോള്‍ സെക്യൂരിറ്റിക്കാരന്‍ എന്തു ചെയ്യും’ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് അന്ന് പ്രശാന്തിന് വിനയായത്. പോസ്റ്റ് കണ്ണന്താനത്തെ ഉദ്ദേശിച്ചാണെന്ന വിലയിരുത്തലില്‍ പദവി തെറിച്ചു.
കോഴിക്കോട് കലക്ടറായിരിക്കെ, എം.കെ രാഘവന്‍ എംപിയുമായി കൊമ്പുകോർത്തു. നേര്‍ക്ക് നേര്‍ പോരാട്ടം പരിധി വിട്ടതോടെ മാപ്പ് പറയണമെന്ന ആവശ്യം ഉയര്‍ന്നു. അപ്പോള്‍ സിനിമാ ഡയലോഗ് പങ്കുവച്ച് കുന്നംകുളം മാപ്പെന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു.
ഒരുകാലത്ത് തന്റെ ഗുരുവും മെന്ററും എന്ന് പ്രശാന്ത് തന്നെ വിശേഷിപ്പിച്ച ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലകിനെതിരെ കളപറിക്കല്‍ യന്ത്രത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഒടുവിലത്തെ വെല്ലുവിളി.
പ്രശാന്തിന്റെ ഔദ്യോഗിക ജീവിതം ഉടനീളം ഇത്തരത്തില്‍ വിവാദങ്ങൾ നിറഞ്ഞതാണ്. ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിന്റെ പേരിലാണ് കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായ പ്രശാന്തിനെ ഇപ്പോൾ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഗുരുതര അച്ചടക്കലംഘനം കാട്ടിയ പ്രശാന്ത് ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചു എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വിഭാഗീയതയും വിരോധവും സൃഷ്ടിക്കാന്‍ പ്രശാന്തിന്റെ നടപടി ഇടയാക്കി എന്നും ഉത്തരവ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ യാതൊരു കുറ്റബോധവുമില്ലെന്നും ശരിയല്ലെന്നു തോന്നുന്ന കാര്യങ്ങള്‍ പറയുക തന്നെ ചെയ്യുമെന്നും അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന തനിക്കു നല്‍കുന്നുണ്ടെന്നുമാണ് പ്രശാന്തിന്റെ പ്രതികരണം.
കോഴിക്കോട്ട് കലക്ടറായി 2015 മുതല്‍ പ്രവർത്തിച്ചപ്പോള്‍ കൈവരിച്ച മികച്ച നേട്ടങ്ങളിലൂടെ കലക്ടര്‍ ബ്രോ ആയി മാറിയ പ്രശാന്ത് വഹിച്ച പദവികളിലെല്ലാം വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നിരുന്നു.
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എം.ഡിയായിരിക്കെ ഒപ്പിട്ട ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലെ അന്വേഷണത്തില്‍ തട്ടി പ്രമോഷൻ സര്‍ക്കാര്‍ തടഞ്ഞുവച്ചു. ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കായി അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി കെഎസ്‌ഐഎന്‍സി ഒപ്പിട്ട ധാരണാപത്രം മുഖ്യമന്ത്രി ഇടപെട്ടു റദ്ദാക്കിയിരുന്നു.
രമേശ് ചെന്നിത്തലയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നതു ചൂണ്ടിക്കാട്ടി പ്രശാന്തിനെ കോണ്‍ഗ്രസുകാരൻ എന്ന് മറുപക്ഷം വിളിക്കുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫിനും വേണ്ടി വിടുപണി ചെയ്ത പ്രശാന്ത് വീണ്ടും വില്ലന്‍ റോളില്‍ എന്നാണ് മുൻ ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 2021ല്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് മോശം സന്ദേശം അയച്ചു എന്ന പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തി പ്രശാന്തിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരിക്കെ, പട്ടികവിഭാഗക്കാര്‍ക്ക് ഇടുക്കിയില്‍ ഭൂമി പതിച്ചു നല്‍കുന്ന പദ്ധതിയിലെ ക്രമക്കേടു ചൂണ്ടിക്കാട്ടി പ്രശാന്തിനെ കൃഷിവകുപ്പിലേക്കു മാറ്റിയതും വിവാദമായി. നിര്‍ണായക ഫയലുകളില്‍ പോലും തീരുമാനമെടുക്കാതെ എതിര്‍പ്പ് എഴുതുന്നതാണ് പ്രശാന്തിൻ്റെ രീതിയെന്നും പറയപ്പെടുന്നു.
ഡോ. എ.ജയതിലക് 2007 ഏപ്രിലില്‍ രണ്ടാംവട്ടം കലക്ടറായി കോഴിക്കോട്ടെത്തിയപ്പോഴാണ് എന്‍.പ്രശാന്തുമായുള്ള ബന്ധം തുടങ്ങിയത്. ട്രെയിനിങ്ങിനായി പ്രശാന്ത് കോഴിക്കോട്ടെത്തുന്നത് ഈ കാലയളവിലാണ്. വളരെ മിടുക്കനായ ഐഎഎസ് ട്രെയിനി എന്നായിരുന്നു ജയതിലകിന്റെ വിലയിരുത്തല്‍. ജയതിലക് ഔദ്യോഗിക ജീവിതത്തില്‍ വഹിച്ച കോഴിക്കോട് കലക്ടര്‍, കെടിഡിസി എംഡി തുടങ്ങിയ പദവികളില്‍ പിന്നീട് പ്രശാന്തും എത്തിപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം പട്ടികജാതി വികസന വകുപ്പില്‍ ഇരുവരും എത്തിയപ്പോഴാണ് സൗഹൃദം കടുത്ത പോരിലേക്കു വഴിമാറിയത്. വകുപ്പില്‍ ജയതിലക് അഡീഷനല്‍ ചീഫ് സെക്രട്ടറിയും എന്‍.പ്രശാന്ത് സ്‌പെഷല്‍ സെക്രട്ടറിയുമായിരുന്നു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 2007ല്‍ നാലാം റാങ്ക് നേടി കേരളത്തിന് അഭിമാനമായി മാറിയ തലശേരി സ്വദേശി എന്‍. പ്രശാന്ത് സ്വര്‍ണമെഡലോടെയാണ് നിയമബിരുദം നേടിയത്. പക്ഷേ ജൂനിയറായ പലരും സെക്രട്ടറിയായപ്പോഴും പ്രശാന്ത് ഇപ്പോഴും സ്‌പെഷല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്. തന്റെ ഐഎഎസ് കരിയര്‍ 17 വർഷം പൂർത്തിയാക്കുമ്പോള്‍ സർവ്വീസിലെ ആദ്യ സസ്‌പെന്‍ഷനുമായി വാര്‍ത്തകളില്‍ നിറയുകയാണ് ഇദ്ദേഹം.