CrimeNEWS

നീറ്റ് പരീക്ഷാര്‍ഥിയെ മാസങ്ങളോളം ബന്ദിയാക്കി പീഡിപ്പിച്ചു; യുപിയില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നീറ്റ് പരീക്ഷാര്‍ഥിയെ മാസങ്ങളോളം ബലാത്സംഗം ചെയ്ത രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. കാണ്‍പൂരിലെ കോച്ചിങ് സെന്ററിലെ അധ്യാപകരായ സഹില്‍ സിദ്ദിഖി (32), വികാസ് പോര്‍വാള്‍ (39) എന്നിവരാണ് അറസ്റ്റിലായത്. 2022 ജനുവരിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയാകുമ്പോള്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിരുന്നില്ല.

മറ്റൊരു വിദ്യാര്‍ത്ഥിനിയെ ഇതേ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരുകയും അധ്യാപകന്‍ അറസ്റ്റിലാവുകയും ചെയ്തതിന് പിന്നാലെയാണ് ബന്ദിയാക്കി പീഡിപ്പിച്ചുവെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി രംഗത്തെത്തിയത്. ബ്ലാക്ക് മെയില്‍ ചെയ്താണ് വിദ്യാര്‍ത്ഥിനിയെ മാസങ്ങളോളം ബലാത്സംഗത്തിന് ഇരയാക്കിയത്.

Signature-ad

നീറ്റ് പരീക്ഷാ പരിശീലനത്തിനാണ് വിദ്യാര്‍ത്ഥി കാണ്‍പൂരിലെ സെന്ററില്‍ ജോയിന്‍ ചെയ്തത്. അതിനിടയില്‍ അധ്യാപകനായ സാഹില്‍ സിദ്ദിഖി വീട്ടില്‍ നടത്തുന്ന പാര്‍ട്ടിയിലേക്ക് വിദ്യാര്‍ത്ഥിനിയെ ക്ഷണിച്ചു. എല്ലാ വിദ്യാര്‍ത്ഥികളെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫ്ലാറ്റിലെത്തിയപ്പോഴാണ് പെണ്‍കുട്ടി തനിച്ചാണെന്ന് തിരിച്ചറിഞ്ഞത്. മദ്യപിച്ചെത്തിയ സിദ്ദിഖി തന്നെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായും പെണ്‍കുട്ടി ആരോപിച്ചു.

വീഡിയോ പരസ്യമാക്കുമെന്നും തന്റെ കുടുംബത്തെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി പല അവസരങ്ങളിലും തന്നെ ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ഫ്ലാറ്റില്‍ ബന്ദിയാക്കിവെക്കുകയും പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അത്തരമൊരു പാര്‍ട്ടിക്കിടെയാണ് മറ്റൊരു അധ്യാപകനായ വികാസ് പോര്‍വാളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. അവധി ദിവസം വീട്ടിലേക്ക് പോയ തന്നെ വിളിച്ച് സിദ്ദിഖി തിരികെ വരാന്‍ ആവശ്യപ്പെടുകയും അനുസരിച്ചില്ലെങ്കില്‍ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാര്‍ത്ഥിനി പറഞ്ഞു.

മറ്റൊരു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുന്ന സിദ്ദിഖിയുടെ വീഡിയോ അടുത്തിടെ വൈറലാവുകയും അറസ്റ്റിലാവുകയും ചെയ്തതോടെയാണ് പെണ്‍കുട്ടിക്കും പരാതി നല്‍കാന്‍ ധൈര്യം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. പരാതിക്ക് പിന്നാലെ രണ്ട് അധ്യാപകരെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

 

 

Back to top button
error: