Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഒടുവില്‍ ഇറാന്‍ വഴങ്ങുന്നു? ഹോര്‍മൂസ് കടലിടുക്കിന്റെ ഒമാന്‍ ഭാഗത്തുകൂടി കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കിയേക്കും; അമേരിക്ക ആക്രമിക്കില്ലെന്ന് ഉറപ്പു നല്‍കണം; മൈനുകള്‍ എന്തു ചെയ്യുമെന്നതില്‍ അനിശ്ചിതത്വം

ദുബായ്: വീണ്ടും യുദ്ധമുണ്ടാകില്ലെന്നു കരാറിലൂടെ ഉറപ്പാക്കുകയാണെങ്കില്‍ ഹോര്‍മൂസ് കടലിടുക്കിന്റെ ഒമാന്‍ ഭാഗത്തുകൂടി ആക്രമണ ഭീതിയില്ലാതെ കപ്പലുകള്‍ സഞ്ചരിക്കാന്‍ അനുവദിക്കാമെന്ന് ഇറാന്‍. ടെഹ്‌റാനില്‍നിന്നു ചര്‍ച്ചകളില്‍ പങ്കെടുത്ത പ്രതിനിധിയെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്തിലെ എണ്ണയുടെയും ദ്രാവക പ്രകൃതിവാതകത്തിന്റെയും (എല്‍എന്‍ജി) ഏകദേശം 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം ഇറാന്‍ തടസ്സപ്പെടുത്തിയത് വഴി, ഇറാനും അമേരിക്ക-ഇസ്രായേല്‍ സഖ്യവും തമ്മിലുള്ള യുദ്ധം ആഗോള എണ്ണ-വാതക വിതരണത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തടസത്തിന് കാരണമായിട്ടുണ്ട്.

Signature-ad

ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതല്‍ നൂറുകണക്കിന് ടാങ്കറുകളും മറ്റ് കപ്പലുകളും 20,000 കപ്പല്‍ ജീവനക്കാരും ഗള്‍ഫിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഏപ്രില്‍ 8-ന് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു, യുദ്ധം അവസാനിക്കാറായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു. എങ്കിലും ഹോര്‍മുസ് കടലിടുക്കിന് മേലുള്ള നിയന്ത്രണം ചര്‍ച്ചകളിലെ പ്രധാന വിഷയമായി തുടരുന്നു. കഴിഞ്ഞ ദിവസം അമേരിക്ക കടലിടുക്കിലേക്കു പ്രവേശിക്കാനും പുറത്തിറങ്ങാനും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്രോതസ്സ് വ്യക്തമാക്കിയത്, ടെഹ്റാന്റെ ഭാഗത്തുനിന്ന് യാതൊരു തടസവുമില്ലാതെ ഒമാനി ജലാതിര്‍ത്തിയിലുള്ള കടലിടുക്കിന്റെ മറുഭാഗം ഉപയോഗിക്കാന്‍ കപ്പലുകളെ അനുവദിക്കാന്‍ ഇറാന്‍ തയ്യാറായേക്കും എന്നാണ്. എന്നാല്‍ ആ ഭാഗത്ത് ഇറാന്‍ വിതറിയിട്ടുള്ള മൈനുകള്‍ നീക്കം ചെയ്യാന്‍ തയ്യാറാകുമോ എന്നോ, ഇസ്രായേലുമായി ബന്ധമുള്ളവ ഉള്‍പ്പെടെ എല്ലാ കപ്പലുകളെയും സ്വതന്ത്രമായി കടന്നുപോകാന്‍ അനുവദിക്കുമോ എന്നോ വ്യക്തമാക്കിയില്ല.

ഈ നിര്‍ദ്ദേശം വാഷിംഗ്ടണ്‍ ടെഹ്റാന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തയ്യാറാണോ എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തില്‍ എന്തെങ്കിലും വഴിത്തിരിവുണ്ടാകാന്‍ ഈ നിബന്ധന പ്രധാനമാണെന്നും സോഴ്‌സ് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് ഉടനടി പ്രതികരിച്ചില്ല. ഇറാന്റെ വിദേശകാര മന്ത്രാലയവും പ്രതികരണത്തിന് ലഭ്യമായില്ല. ഒമാന്‍ ജലാതിര്‍ത്തിയിലൂടെ തടസമില്ലാതെ കപ്പലുകളെ കടത്തിവിടാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടെന്ന് ഒരു പാശ്ചാത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇറാനും ഒമാനും ഇടയിലുള്ള വെറും 34 കിലോമീറ്റര്‍ (21 മൈല്‍) മാത്രം വീതിയുള്ള ഈ കടലിടുക്ക് ഗള്‍ഫില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള പാതയാണ്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഊര്‍ജ്ജ വിതരണത്തിന്റെയും വളം ഉള്‍പ്പെടെയുള്ള മറ്റ് അവശ്യ സാധനങ്ങളുടെയും പ്രധാന പാതയാണിത്.

അന്താരാഷ്ട്ര ജലപാതയിലൂടെയുള്ള യാത്രയ്ക്ക് കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കുക, കടലിടുക്കിന് മേല്‍ പരമാധികാരം സ്ഥാപിക്കുക തുടങ്ങി കഴിഞ്ഞ ആഴ്ചകളില്‍ ഇറാന്‍ മുന്നോട്ടുവെച്ച കടുത്ത നിലപാടുകളില്‍ നിന്നുള്ള ആദ്യത്തെ പിന്‍വാങ്ങലായിരിക്കും ഈ നിര്‍ദ്ദേശം. സമുദ്ര നിയമങ്ങളുടെ ലംഘനമായും ആഗോള ഷിപ്പിംഗ് വ്യവസായം ഇതിനെ ഏകപക്ഷീയമായ നടപടിയായുമാണ് കണ്ടിരുന്നത്.

ലണ്ടനില്‍ ഈ ആഴ്ച നടന്ന ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐഎംഒ) യോഗത്തില്‍ അംഗരാജ്യങ്ങള്‍ ഇറാന്‍ ടോള്‍ ഏര്‍പ്പെടുത്തുന്ന നീക്കത്തെ എതിര്‍ത്തിരുന്നു. ഇത് ‘അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കും’ എന്നാണ് ഐഎംഒ പറഞ്ഞത്.

കടലിടുക്കിലൂടെയുള്ള യാത്രാ കാര്യത്തില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സ്ഥിതി പഴയപടി ആക്കാനുള്ള ആദ്യ നീക്കം കൂടിയായിരിക്കും ഇറാന്റെ ഈ നിര്‍ദ്ദേശം. മുന്‍പ് പലപ്പോഴും കപ്പലുകള്‍ പിടിച്ചെടുക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഗതാഗതം നടന്നിരുന്നു. ഇറാന്റെയും ഒമാന്റെയും ജലാതിര്‍ത്തികളിലൂടെ കപ്പല്‍ പാതകളെ വിഭജിക്കുന്ന നിലവിലെ ‘ടു-വേ ട്രാഫിക് സെപ്പറേഷന്‍ സ്‌കീം’ 1968-ല്‍ മേഖലയിലെ രാജ്യങ്ങളുടെ സമ്മതത്തോടെ യുഎന്‍ ഷിപ്പിംഗ് ഏജന്‍സി അംഗീകരിച്ചതാണ്.

തിങ്കളാഴ്ച മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളില്‍ നിന്ന് പുറപ്പെടുന്ന എണ്ണക്കപ്പലുകള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്, ഫെബ്രുവരി 28 മുതല്‍ പൊതുവായ കപ്പല്‍ ഗതാഗതം മന്ദഗതിയിലാണ്.

#StraitOfHormuz, #IranUSA, #GlobalOilSupply, #DonaldTrump, #Oman, #MaritimeSecurity, #EnergyCrisis, #WorldNews, #ShippingIndustry, #Tehran, #InternationalTrade, #HormuzCrisis, #OilPrices, #MalayalamNews, #ഹോർമുസ്കടലിടുക്ക്, #ഇറാൻ, #അമേരിക്ക, #ലോകവാർത്തകൾ, #മലയാളംവാർത്ത

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: