മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകുന്നതിനിടെ മന്ത്രി ഒ.ആര്‍ കേളുവും എല്‍ഡിഎഫ് നേതാക്കളും ചങ്ങാടത്തില്‍ കുടുങ്ങി. മലപ്പുറം വഴിക്കടവില്‍ എത്തിയ മന്ത്രിയും നേതാക്കളുമാണ് ഇന്നലെ വൈകിട്ട് ചങ്ങാടത്തില്‍ കുടുങ്ങിയത്. വഴിക്കടവിലെ പുന്നപ്പുഴ കടക്കുന്നതിനിടെയായിരുന്നു സംഭവം. മന്ത്രിയും എല്‍ഡിഎഫ് നേതാക്കളും ചങ്ങാടത്തില്‍ പോകുന്നതിനിടെ മുന്നോട്ട് നീങ്ങാനാകാതെ പുഴയില്‍ ചങ്ങാടം കുടുങ്ങുകയായിരുന്നു.
സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും തണ്ടര്‍ബോള്‍ട്ട് സംഘവും ചേര്‍ന്ന് അരമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് മന്ത്രിയെയും സംഘത്തെയും കരയ്ക്കെത്തിച്ചത്. വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസിക്കോളനിയിലേക്ക് പോകുകയായിരുന്നു മന്ത്രി. 2018വരെ ആദിവാസി കോളനിയിലേക്ക് പോകാന്‍ ഇരുമ്പില്‍ നിര്‍മ്മിച്ച പാലമുണ്ടായിരുന്നു. 2018ലെ പ്രളയത്തിലാണ് ആ പാലം തകര്‍ന്നത്.
ഇതോടെ പുഞ്ചക്കൊല്ലി ആദിവാസി നഗറിലെ കുടുംബങ്ങള്‍ പുഴ കടക്കാന്‍ ഉപയോഗിക്കുന്നത് മുള കൊണ്ട് നിര്‍മ്മിച്ച ചങ്ങാടമാണ്. ഈ ചങ്ങാടത്തില്‍ വരുന്നതിനിടെയാണ് മന്ത്രി കുടുങ്ങിയത്. ഇവിടെ പാലം നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. ആശുപത്രിയില്‍ അടക്കം പോകാന്‍ മറുകരയിലെത്താന്‍ ചങ്ങാടമാണ് അവര്‍ ആശ്രയിക്കുന്നത്. ഇതിനിടെയാണ് മന്ത്രി തന്നെ ഇപ്പോള്‍ പുഴയില്‍ കുടുങ്ങിയത്.