NEWSWorld

ഭാര്യയും മുന്‍ ഭാര്യയും നാല് കാമുകിമാരും പരസ്പരം അറിയാതെ ഒരേ അപ്പാര്‍ട്ട്മെന്റില്‍; യുവാവ് പങ്കാളികളില്‍നിന്ന് തട്ടിയെടുത്തത് 47 ലക്ഷം

ബീജിങ്: ഒരേസമയം അഞ്ച് സ്ത്രീകളുമായി ബന്ധം നിലനിര്‍ത്തിയശേഷം അവരില്‍ നിന്ന് വലിയൊരു തുക തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഇയാളുടെ ആദ്യഭാര്യയും നാല് കാമുകിമാരും ഒരേ അപ്പാര്‍ട്ട്മെന്റില്‍ പരസ്പരം അറിയാതെയാണ് താമസിച്ചിരുന്നത്. ‘ഷിജോന്‍’ എന്ന പേരിലറിയപ്പെടുന്ന യുവാവാണ് സ്ത്രീകളില്‍ നിന്ന് പണം തട്ടിയത്.

വടക്കുകിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയിലാണ് ഷിജോന്‍ ജനിച്ചുവളര്‍ന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് ഇദ്ദേഹത്തിന്റേത്. സെക്കന്ററി വിദ്യാഭ്യാസം ഉപേക്ഷിച്ച ഷിജോന്‍ ചെറിയ ജോലികള്‍ ചെയ്താണ് ജീവിച്ചുപോന്നത്. എന്നാല്‍ ആയിടെയ്ക്കാണ് താനൊരു സമ്പന്ന കുടുംബത്തിലെ അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഷിയാവോജിയ എന്ന പെണ്‍കുട്ടിയെ ഇയാള്‍ വിവാഹം കഴിച്ചത്.

Signature-ad

ഷിയാവോജിയയെ വിശ്വസിപ്പിക്കാന്‍ ചില സമ്മാനങ്ങളും ഇയാള്‍ നല്‍കിയിരുന്നു. തന്റെ മാതാപിതാക്കള്‍ ബിസിനസുകാരാണെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍, സത്യത്തില്‍ ഷിജോനിന്റെ അമ്മ ബാത്ത്ഹൗസ് അറ്റന്‍ഡന്റ് ആണ്. നിര്‍മാണത്തൊഴിലാളിയാണ് ഷിജോന്റെ പിതാവെന്നും സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായപ്പോഴാണ് യുവാവിന്റെ സാമ്പത്തികസ്ഥിതിയെപ്പറ്റി ആദ്യഭാര്യയ്ക്ക് മനസിലായത്. ഉടനെ തന്നെ ഇവര്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കൂടാതെ തന്റെ വീട്ടില്‍നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു.

ആദ്യഭാര്യയെ വീഴ്ത്തിയ അതേകഥയുമായി ഷിജോന്‍ വീണ്ടും രംഗത്തെത്തി. ഇത്തവണ ഓണ്‍ലൈന്‍ ഗെയിമിംഗിനിടെ പരിചയപ്പെട്ട യുവതിയെയാണ് ഷിജോന്‍ ലക്ഷ്യമിട്ടത്. ഇവരുടെ വിശ്വാസം നേടിയെടുത്ത ഷിജോന്‍ വീട് വെയ്ക്കാനായി 16 ലക്ഷം രൂപ ഈ യുവതിയില്‍ നിന്ന് തട്ടിയെടുത്തു. എന്നാല്‍ ആ പണം മുഴുവന്‍ തന്റെ സമ്പന്നപ്രതിഛായ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഷിജോന്‍ ഉപയോഗിച്ചത്.

തന്റെ ആദ്യഭാര്യ താമസിക്കുന്ന അതേ അപ്പാര്‍ട്ട്മെന്റിലാണ് ഷിജോന്‍ രണ്ടാമത്തെ കാമുകിയുമായി താമസിക്കാനെത്തിയത്. വൈകാതെ രണ്ടാമത്തെ കാമുകിയും ഗര്‍ഭിണിയായി. ഇതിനിടെ അതേ അപ്പാര്‍ട്ട്മെന്റിലെ മൂന്ന് യുവതികളുമായും ഷിജോന്‍ പ്രണയത്തിലായി. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായ ഷിയോമിന്‍, ഷിയോസിന്‍, നഴ്സായ ഷിലോന്‍ എന്നിവരെയാണ് ഷിജോന്‍ തന്റെ കെണിയില്‍പ്പെടുത്തിയത്. ഇവരില്‍ നിന്ന് ഏകദേശം 31 ലക്ഷം രൂപയോളമാണ് ഇയാള്‍ തട്ടിയെടുത്തത്.

എന്നാല്‍ യൂണിവേഴ്സിറ്റിയില്‍ ട്യൂഷന്‍ ഫീസ് നല്‍കാന്‍ താന്‍ നല്‍കിയ പണം തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷിയോസിന്‍ രംഗത്തെത്തിയതോടെയാണ് ഷിജോന്‍ വെട്ടിലായത്. ഇതിനിടെ ഒരു ബാഗ് ഇയാള്‍ ഷിയോസിന് നല്‍കിയിരുന്നു. അതില്‍ 10000 യുവാന്‍ ഉണ്ടെന്നും ബിസിനസ് ആവശ്യത്തിനുള്ളതാണെന്നുമാണ് ഷിജോന്‍ ഇവരോട് പറഞ്ഞിരുന്നത്. എന്നാല്‍ ട്യൂഷന്‍ ഫീസ് അടയ്ക്കാന്‍ ഷിജോന്‍ പണം നല്‍കാതിരുന്നതോടെ ഷിയോസിന്‍ ആ ബാഗ് തുറന്നുനോക്കി. എന്നാല്‍ അതിനുള്ളില്‍ ഒന്നുമുണ്ടായിരുന്നില്ല. ഇതോടെ ഷിയോസിന്‍ പോലീസില്‍ പരാതി നല്‍കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: