പനാമ സിറ്റി: കോപ്പ എയര്‍ലൈന്‍സ് വിമാനത്തില്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന്റെ ശ്രമം. വിമാനത്തിനുള്ളില്‍ പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ സഹയാത്രികര്‍ തടയാന്‍ ശ്രമിച്ചത് കയ്യാങ്കളിയില്‍ കലാശിച്ചു. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ബ്രസീലില്‍ നിന്ന് പനാമയിലേക്ക് പോയ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ 30 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് യാത്രികന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത്. ഇതിന് പിന്നാലെ സഹയാത്രികര്‍ ഇയാളെ തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
എമര്‍ജന്‍സി വാതിലിനടുത്തേക്ക് പാഞ്ഞ യാത്രികന്‍ ആദ്യം ഫ്‌ലൈറ്റ് അറ്റന്‍്ഡിനെ ബന്ദിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭക്ഷണ ട്രേയിലെ കത്തി ഉപയോഗിച്ചാണ് ഫ്‌ലൈറ്റ് അറ്റന്‍ഡിനെ ബന്ദിയാക്കാന്‍ ഇയാള്‍ ശ്രമിച്ചത്. ഫ്‌ലൈറ്റ് അറ്റന്‍ഡിന്റെ നിലവിളി ശബ്ദം കേട്ട് ആളുകളെത്തിയപ്പോഴേക്കും എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആളുകളെത്തി ഇയാളെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തത്. സമൂഹമാധ്യമമായ എക്‌സില്‍ ഉള്‍പ്പടെ വൈറലാവുന്ന വിഡിയോയില്‍ രക്തം പുരണ്ട മുഖവുമായി നില്‍ക്കുന്ന ഇയാളെ കാണാന്‍ സാധിക്കും.
പനാമയില്‍ ഇറങ്ങിയ ശേഷം ‘ദേശീയ സുരക്ഷാ സംഘം വിമാനത്തില്‍ പ്രവേശിച്ച് യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തതായി എയര്‍ലൈന്‍സ് അറിയ്യിച്ചു. ജീവനക്കാരുടെയും യാത്രികരുടെയും സമയോജിതമായ പ്രവര്‍ത്തനങ്ങളാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചതെന്നും സ്ഥിതി നിയന്ത്രണ വിധേയമാക്കിയതെന്നും എയര്‍ലൈന്‍ വക്താവ് അറിയിച്ചു.