കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്കി പീഡിപ്പിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. ഹോര്‍ട്ടികോപ്പ് മുന്‍ എംഡി ആയിരുന്ന ശിവപ്രസാദാണ് സൗത്ത് എസിപി ഓഫീസില്‍ കീഴടങ്ങിയത്. 27 ദിവസമായി ശിവപ്രസാദ് ഒളിവിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
75 വയസുകാരനായ ശിവപ്രസാദ് സര്‍ക്കാര്‍ ഹോര്‍ട്ടികോര്‍പ്പ്, ഫിഷറീസ്, പ്ലാന്റേഷന് കോര്പ്പറേഷന് എംഡി അടക്കം നിരവധി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ്. അയല്‍ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.
കേസില്‍ ദേശീയ പട്ടികവര്‍ഗ കമ്മിഷന് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. കൊച്ചി പൊലീസിനോട് ദേശീയ പട്ടികവര്‍ഗ കമ്മിഷന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഏഴ് ദിവസത്തിനകം കൊച്ചി പൊലീസ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പട്ടികവര്‍ഗ കമ്മിഷന്റെ നിര്‍ദേശം.