Social MediaTRENDING

ആദരാഞ്ജലി അര്‍പ്പിച്ച് 1500 പേര്‍, ചടങ്ങിന് പുരോഹിതര്‍, ചെലവ് 4ലക്ഷം; ലക്കികാറിനെ സമാധിയിരുത്തി ഉടമ

അഹമ്മദാബാദ്: ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവന്ന കാര്‍ കാലഹരണപ്പെട്ടപ്പോള്‍ ആചാരപരമായി ‘സമാധി’യിരുത്തി ഉടമയും കുടുംബവും ആദരമര്‍പ്പിച്ചു. ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ പാദര്‍ശിംഗ ഗ്രാമത്തിലെ സഞ്ജയ് പൊളാരയാണ് തന്റെ വാഗണര്‍ കാറിനെ സംസ്‌കരിച്ചത്. 1500-ഓളം പേരാണ് ചടങ്ങില്‍ ‘ആദരാഞ്ജലിയര്‍പ്പിക്കാന്‍’ എത്തിയത്.

തന്റെ കുടുംബത്തില്‍ ഐശ്വര്യം വരാന്‍ കാരണം 12 വര്‍ഷം പഴക്കമുള്ള ഈ കാറാണെന്ന് പൊളാര കരുതുന്നു. കര്‍ഷകനും സൂറത്തില്‍ കെട്ടിടനിര്‍മാണ ബിസിനസുകാരനുമായ അദ്ദേഹത്തിന് കാറുവാങ്ങിയതുതൊട്ട് വെച്ചടി കയറ്റമായിരുന്നത്രെ. ”അതോടെ ഞങ്ങള്‍ക്ക് സമൂഹത്തില്‍ ഒരു വിലയും നിലയും കൈവന്നു. അതിനാലാണ് വണ്ടി പഴകിയപ്പോള്‍ വില്‍ക്കുന്നതിനുപകരം സമാധിയിരുത്താന്‍ തീരുമാനിച്ചത്” -പൊളാര പറഞ്ഞു.

Signature-ad

സംസ്‌കാരച്ചടങ്ങിന് കുറിയടിച്ച് ആളുകളെ ക്ഷണിച്ചു. മുല്ലപ്പൂകൊണ്ട് അലങ്കരിച്ച കാറിനെ വീട്ടില്‍നിന്ന് കൃഷിഭൂമിയിലേക്ക് കൊണ്ടുപോയി. 15 അടി താഴ്ചയുള്ള കുഴിയിലേക്ക് പച്ചപ്പുതപ്പ് പുതപ്പിച്ച് ഇറക്കി. പുരോഹിതര്‍ മന്ത്രങ്ങള്‍ ചൊല്ലി. കുടുംബാംഗങ്ങള്‍ പൂക്കള്‍ ചൊരിഞ്ഞു. ബുള്‍ഡോസര്‍കൊണ്ട് മണ്ണിട്ട് മൂടി. എത്തിയവര്‍ക്കെല്ലാം സമൃദ്ധമായ അന്നദാനവുമുണ്ടായി.

ഭാവിതലമുറയും ഈ കാറിനെ ഓര്‍ക്കുന്നതിനുകൂടിയാണ് ചടങ്ങ് നടത്തിയതെന്നും സഞ്ജയ് പൊളാര അറിയിച്ചു. നാലുലക്ഷം രൂപയാണ് സംസ്‌കാരച്ചടങ്ങുകള്‍ക്ക് ഇദ്ദേഹം മുടക്കിയത്. സ്ഥലത്ത് ഒരു വൃക്ഷത്തൈയും നട്ടിട്ടുണ്ട്. ലക്കി കാറിന്റെ സമാധിസ്ഥലം കൃത്യമായി അറിയാനാണത്.

ചടങ്ങിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. അമ്രേലി ജില്ലയില്‍ത്തന്നെയാണ് കഴിഞ്ഞ ദിവസം കര്‍ഷകത്തൊഴിലാളി ദമ്പതിമാരുടെ നാലുകുട്ടികള്‍ കളിക്കാന്‍ കയറിയ കാറിനുള്ളില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചതും.

Back to top button
error: