ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് നിയന്ത്രണം വച്ച കേന്ദ്രസര്‍ക്കാര്‍, കൂടുതല്‍ ഉത്തരവാദിത്വം നല്‍കി. ആഴ്ചയില്‍ മൂന്ന് ദിവസം ഡല്‍ഹിയില്‍ തന്നെയുണ്ടാകണം. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെ നിശ്ചയിച്ചിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ആഴ്ചയില്‍ നാല് ദിവസം റോസ്റ്റര്‍ ചുമതല വഹിക്കണം. മറുപടി പറയേണ്ട കേന്ദ്രമന്ത്രി സഭയില്‍ ഇല്ലെങ്കില്‍ റോസ്റ്റര്‍ ചുമതലയുള്ള മന്ത്രിയാണ് മറുപടി നല്‍കേണ്ടത്.
ഇറ്റലിയിലെ ഫ്ളോറന്‍സില്‍ ഈമാസം 13 മുതല്‍ 15 വരെ നടക്കുന്ന ജി 7 ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തില്‍ സുരേഷ്ഗോപി ഇന്ത്യന്‍ സംഘത്തെ നയിക്കും. കേരളത്തിലെ വഖഫ് വിഷയങ്ങളില്‍ സജീവമാകാനും നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷമാണ് ചുമതലകള്‍ നല്‍കിയത്. സിനിമ വര്‍ഷത്തില്‍ ഒന്ന് മതിയെന്ന നിലപാട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സുരേഷ്ഗോപിയെ അറിയിച്ചത്. 22 സിനിമകളില്‍ അഭിനയിക്കാന്‍ സുരേഷ്ഗോപി ഏറ്റിട്ടുണ്ട്.
തൃശൂര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ്ഗോപി ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിക്കാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. സുരേഷ്ഗോപിയുടെ പുതിയ രൂപത്തിലുളള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തന്റെ പുതിയ ചിത്രമായ ഒറ്റക്കൊമ്പനായി വളര്‍ത്തിയ താടി വടിച്ചിട്ടുളള ചിത്രങ്ങളാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സുരേഷ് ഗോപി മുന്‍പ് പറഞ്ഞിരുന്നത്. സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമായിട്ടാണ് ഇത് നേരത്തെ പ്രഖ്യാപിച്ചത്. താടി വടിച്ചതോടെ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.