KeralaNEWS

കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍? ഭാര്യയെ വിളിച്ചു

മലപ്പുറം: തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പി.ബി.ചാലിബിന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. കാണാതായ പി.ബി. ചാലിബ് രാവിലെ വീട്ടുകാരെ ഫോണില്‍ വിളിച്ചു. മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും, വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഭാര്യയോടു പറഞ്ഞു. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ടവര്‍ ലൊക്കേഷന്‍ എന്നാണ് സൂചന. ഒറ്റയ്ക്കാണ് ഉള്ളതെന്നു ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു.

ചാലിബിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്, ചാലിബ് വീട്ടിലേക്ക് വിളിച്ചത്. കാണാതായതിനു ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും, പിന്നീട് ഉഡുപ്പിയിലുമാണ് കാണിച്ചത്.

Signature-ad

ബുധനാഴ്ച വൈകിട്ട് ഓഫീസില്‍ നിന്ന് ഇറങ്ങിയ ചാലിബ്, വീട്ടിലെത്താന്‍ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. 8 മണിയോടെ വീണ്ടും അന്വേഷിച്ചപ്പോള്‍ വളാഞ്ചേരി ഭാഗത്താണെന്നും പൊലീസും എക്ൈസസുമൊത്ത് പരിശോധനയുള്ളതിനാല്‍ വീട്ടിലെത്താന്‍ വൈകുമെന്നും സന്ദേശം അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണില്‍ കിട്ടിയില്ല. ഇതോടെ ബുധനാഴ്ച രാത്രി 11 മണിയോടെ കുടുംബം അന്വേഷണം ആരംഭിക്കുകയായിരുന്നു.

കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ ചാലിബിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഇന്നു രാവിലെ 6.55ന് ഫോണ്‍ വീണ്ടും ഓണായെങ്കിലും വൈകാതെ വീണ്ടും ഓഫായി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിച്ചത്. ചാലിബ് പറഞ്ഞതുപോലെ തലേദിവസം രാത്രി പൊലീസും എക്സൈസും ചേര്‍ന്നുള്ള പരിശോധന നടന്നിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.

Back to top button
error: