KeralaNEWS

പെൺകെണി: വിഡിയോ കോളിലൂടെ നഗ്നശരീരം കാട്ടി തൃശൂരിലെ വ്യാപാരിയിൽ നിന്ന് 2.5 കോടി തട്ടിയ ഭാര്യയും ഭർത്താവും കുടുങ്ങി

   തൃശൂരിലെ വ്യാപാരിയില്‍നിന്ന്‌ ഹണിട്രാപ്പിലൂടെ 2.5 കോടി രൂപ തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍. കരുനാ​ഗപ്പള്ളി കൊല്ലക സ്വദേശിനി  ഷെമി (38), കൊല്ലം അഷ്ടമുടി ഇഞ്ചവിള സോജന്‍ (32) എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അങ്കമാലിയില്‍ നിന്ന്‌ പിടികൂടിയത്‌. വാട്സാപ് വിഡിയോ കോളിലൂടെ നഗ്നശരീരം കാണിച്ച് വ്യാപാരിയെ പെൺകെണിയിൽ പെടുത്തിയാണ് വൻ തുക തട്ടിയെടുത്തത്.

  വ്യാപാരിയെ 2020ൽ വാട്സാപ് വഴി പരിചയപ്പെട്ട ഷെമി എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണെന്നാണ് വിശ്വസിപ്പിച്ചത്. ഹോസ്റ്റൽ ഫീസിനും മറ്റാവശ്യങ്ങൾക്കും വേണ്ടി എന്ന് പറഞ്ഞ് വ്യാപാരിയിൽനിന്ന് കടം വാങ്ങിത്തുടങ്ങി.

Signature-ad

പിന്നീട് വിഡിയോ കോളുകളിലൂടെ നഗ്നശരീരം കാണിച്ച് വ്യാപാരിയെ കുടുക്കി. ഈ വീഡിയോ കോളുകളും  ലൈം​ഗികച്ചുവയുള്ള ചാറ്റുകളും  പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തിയാണ്‌  പണം തട്ടാന്‍ തുടങ്ങിയത്‌. വലിയ തുകകളാണ് തട്ടി എടുത്തു കൊണ്ടിരുന്നത്. പണം തീർന്നതോടെ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള സ്ഥിരനിക്ഷേപങ്ങൾ വരെ പിൻവലിച്ചും ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വച്ചും വ്യാപാരി പണം നൽകി. ആകെ രണ്ടര കോടി രൂപ യുവതിയുടെ  അക്കൗണ്ടുകളിലേക്ക് കൈമാറി. ഭീഷണി തുടരുകയും പണം നൽകാൻ വഴിയില്ലാതാകുകയും ചെയ്തതോടെയാണ് വ്യാപാരി മകനോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് നവംബർ ഒന്നിന്‌ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി.

പൊലീസ്‌ രണ്ട് സംഘങ്ങളായി തിരിഞ്ഞ്‌ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. സൈബര്‍ തെളിവുകളും ശേഖരിച്ചു.  കൊല്ലത്ത് അഷ്ടമുടിയില്‍ ആഡംബര ജീവിതം നയിക്കുന്ന ദമ്പതികളാണെന്ന്  കണ്ടെത്തി. പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞതോടെ ഇവര്‍ വയനാട്ടിലേക്ക് കടന്നു. പൊലീസെത്തിയപ്പോള്‍ അവിടെ നിന്നും മുങ്ങിയെങ്കിലും ചൊവ്വാഴ്‌ച അങ്കമാലിയിൽനിന്ന്‌ ഇരുവരെയും പിടികൂടി.

തട്ടിയെടുത്ത പണം ഉപയോ​ഗിച്ച്  പ്രതികൾ വാങ്ങിയ 82 പവന്‍ സ്വര്‍ണാഭരണങ്ങളും 2 ഇന്നോവ, ടയോട്ട ​ഗ്ലാന്‍സ കാറുകളും മഹീന്ദ്ര, മേജര്‍ ജീപ്പുകളും ഒരു ബുള്ളറ്റും പൊലീസ് പിടിച്ചെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാന്‍ഡ് ചെയ്തു.

Back to top button
error: