CrimeNEWS

തൃശ്ശൂരില്‍ ക്ഷേത്രത്തിലും മൃഗാശുപത്രിയിലും മോഷണം; വഴിപാട് കൗണ്ടര്‍ കുത്തിപ്പൊളിച്ച് കാല്‍ലക്ഷം കവര്‍ന്നു

തൃശ്ശൂര്‍: എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സര്‍ക്കാര്‍ വെറ്റിനറി ഹോസ്പിറ്റലിലും മോഷണം. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ കുത്തിപ്പൊളിച്ച് കാല്‍ലക്ഷം രൂപ കവര്‍ന്നു. വെറ്റിനറി ആശുപത്രിയില്‍നിന്ന് ആയിരത്തില്‍പരം രൂപയും മോഷണം പോയി. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരന്‍ നന്ദനാണ് വഴിപാട് കൗണ്ടര്‍ സ്ഥിതി ചെയ്യുന്ന സ്റ്റോര്‍ മുറിയുടെ മുന്‍ വാതിലിന്റെ പൂട്ട് പൊളിച്ചത് ആദ്യം കണ്ടത്. സ്റ്റോര്‍ റൂമിലെ അലമാര കുത്തിത്തുറന്ന നിലയിലായിരുന്നു. വഴിപാട് കൗണ്ടറിന്റെ മുറിയുടെ പൂട്ടും തകര്‍ത്തിരുന്നു. പണം സൂക്ഷിക്കുന്ന മേശവലിപ്പ് കുത്തി തുറന്ന് അതില്‍ സൂക്ഷിച്ചിരുന്ന കാല്‍ലക്ഷം രൂപയോളം കവര്‍ന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

Signature-ad

ഇതിനു സമീപം ചുമരില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ ഉണ്ടായിരുന്ന 13,000 രൂപ മോഷ്ടാവിന്റെ ശ്രദ്ധയില്‍ പെട്ടില്ല. ക്ഷേത്രക്കുളത്തിനോട് ചേര്‍ന്നുള്ള ദേവീ ക്ഷേത്രത്തിന് മുന്‍പിലെ ഭണ്ഡാരത്തിന്റെ പൂട്ടും പൊളിച്ചിട്ടുണ്ട്. ക്ഷേത്രം പ്രസിഡന്റ് മോഹനന്‍ പൂവ്വശ്ശേരി, സെക്രട്ടറി മധുസൂദനന്‍ കണ്ടേങ്കാവില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്തിക്കാട് പോലീസില്‍ പരാതി നല്‍കി.

ക്ഷേത്രത്തില്‍ നിന്നിറങ്ങിയ ശേഷമാകാം മോഷ്ടാവ് തൊട്ടടുത്തുള്ള സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ കയറിയതെന്ന് കരുതുന്നു. മുന്‍വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഒരു അലമാര കുത്തി തുറന്നു. അതിലുണ്ടായിരുന്ന താക്കോലുകള്‍ എടുത്ത് മറ്റ് നാല് അലമാരകള്‍ തുറന്ന് പരിശോധന നടത്തിയിട്ടുണ്ട്. മേശപ്പുറത്ത് ചെപ്പില്‍ സൂക്ഷിച്ചിരുന്ന 1000 രൂപയാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടുള്ളത്.

സംഭവത്തില്‍ വെറ്ററിനറി ആശുപത്രി ഡോക്ടര്‍ രാധിക ശ്യാം, അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍ എന്നിവര്‍ അന്തിക്കാട് പോലീസില്‍ പരാതി നല്‍കി. വാര്‍ഡ് മെമ്പര്‍മാരായ സുനിത ബാബു, സി.പി. പോള്‍, കെ. രാഗേഷ് തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.

Back to top button
error: