ബംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദര്‍ശന് ഇടക്കാലജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. ചികിത്സയ്ക്കായി ആറുമാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശങ്ങള്‍ അയച്ചു എന്നാരോപിച്ച് ആരാധകനായ രേണുക സ്വാമിയെ നടന്‍ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് കേസ്.
ഇരുകാലികളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ഇതിന് പരിഹാരമായി ഓപ്പറേഷന്‍ നടത്തേണ്ടതുണ്ടെന്നും കാണിച്ചാണ് 47-കാരനായ ദര്‍ശന്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഏഴുദിവസത്തിനുള്ളില്‍ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പാസ്പോര്‍ട്ടും സമര്‍പ്പിക്കണം എന്ന വ്യവസ്ഥയിലാണ് ജസ്റ്റിസ് എസ്. വിശ്വജിത് ഷെട്ടി ദര്‍ശന് ജാമ്യം അനുവദിച്ചത്.
മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുള്ളത് എന്നാണ് ദര്‍ശന്റെ അഭിഭാഷകന്‍ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. അതേസമയം, എത്ര ദിവസത്തേക്കാണ് ചികിത്സയില്‍ കഴിയേണ്ടിവരിക എന്നത് ജാമ്യാപേക്ഷയില്‍ പറയുന്നില്ലെന്നും ഓപ്പറേഷന്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും എതിര്‍ഭാഗം വാദിച്ചു.