ചെന്നൈ: ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട യുവാവിനെക്കൊണ്ട് വീട്ടുജോലി ചെയ്യിച്ച വെല്ലൂര്‍ റേഞ്ച് ജയില്‍ മുന്‍ ഡിഐജി ആര്‍.രാജലക്ഷ്മിക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ‘തടവുകാരെ മാത്രമല്ല, പൊലീസുകാരെയും വീട്ടുജോലിക്ക് ഓര്‍ഡര്‍ലിമാരായി നിയമിക്കരുത്. മുന്‍ ഡിഐജിക്കെതിരെ വകുപ്പുതല നടപടിയെടുക്കണം’ കോടതി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗം ഗൗരവമായി തന്നെ നേരിടുമെന്നും കോടതി ഓര്‍മിപ്പിച്ചു. ക്രിമിനല്‍ കേസിന്റെ പേരില്‍ വകുപ്പുതല നടപടി വൈകിപ്പിക്കരുതെന്നും നിര്‍ദേശിച്ചു. മറ്റാരെങ്കിലും ജയില്‍ തടവുകാരെക്കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഡിജിപിയെ കോടതി ചുമതലപ്പെടുത്തി.
ശിവകുമാര്‍ എന്ന തടവുകാരനെക്കൊണ്ടാണു രാജലക്ഷ്മി വീട്ടുജോലി ചെയ്യിച്ചിരുന്നത്. അതിനിടെ, ഇവരുടെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും മോഷണം പോയിരുന്നു. തുടര്‍ന്ന്, ശിവകുമാറാണു മോഷ്ടാവെന്ന് ആരോപിച്ച് ജയില്‍ അധികൃതര്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചു. അതിനെതിരെ ശിവകുമാറിന്റെ മാതാവാണു ഹൈക്കോടതിയെ സമീപിച്ചത്. രാജലക്ഷ്മിയെ കൂടാതെ ജയില്‍ അഡിഷനല്‍ സൂപ്രണ്ട് എ.അബ്ദുല്‍റഹ്‌മാന്‍ അടക്കം 5 പേര്‍ കേസില്‍ പ്രതികളാണ്.