KeralaNEWS

ജീവനൊടുക്കിയ മലയാളി അദ്ധ്യാപികയുടെ അമ്മായിയമ്മയും മരിച്ചു; അന്ത്യം വിഷം കഴിച്ച് ചികിത്സയിലിരിക്കെ

നാഗര്‍കോവില്‍: ആത്മഹത്യ ചെയ്ത മലയാളി അദ്ധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ചെമ്പകവല്ലിയാണ് മരിച്ചത്. ആത്മഹത്യാ ശ്രമത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചെമ്പകവല്ലി കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.

ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതി അവസാന സന്ദേശത്തില്‍ പറഞ്ഞത്. കോയമ്പത്തൂര്‍ കോവില്‍പാളയത്ത് സ്ഥിരതാമസക്കാരായ, തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരന്‍ കൊല്ലം പിടവൂര്‍ സ്വദേശി ബാബുവിന്റെയും സതീദേവിയുടെയും മകളാണ് ശ്രുതി. ശുചീന്ദ്രം തെര്‍ക്മണിലുള്ള ഭര്‍ത്തൃവീട്ടിലെ കിടപ്പുമുറിയില്‍ 21ന് രാവിലെ 7.30ന് ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Signature-ad

ആറ് മാസം മുന്‍പാണ് തമിഴ്‌നാട് വൈദ്യുതി ബോര്‍ഡില്‍ ക്ലാര്‍ക്കും ശുചീന്ദ്രം തെര്‍ക്മണ്‍ സ്വദേശിയുമായ കാര്‍ത്തികുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ഇംഗ്ലീഷില്‍ എം.എ ബിരുദധാരിയായ ശ്രുതി കോയമ്പത്തൂര്‍ എസ്.എന്‍ കോളേജില്‍ അസി. പ്രൊഫസറായിരുന്നു. വിവാഹശേഷം ഭര്‍ത്തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് ജോലി രാജിവയ്പ്പിച്ചതാണ്.

മരിക്കുന്നതിന് മുന്‍പ് ശ്രുതി തന്റെ അമ്മയുടെ വാട്‌സാപ്പില്‍ ഭര്‍ത്തൃവീട്ടിലെ പീഡനങ്ങള്‍ സംബന്ധിച്ച ശബ്ദസന്ദേശം അയച്ചിരുന്നു. ഉടന്‍ വീട്ടുകാര്‍ ശ്രുതിയെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ശുചീന്ദ്രത്തേക്ക് പോകവേ, ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി എന്ന വിവരം ലഭിക്കുകയായിരുന്നു. സംഭവ സമയത്ത് കാര്‍ത്തിക്കും മാതാവും വീട്ടിലുണ്ടായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ചെമ്പകവല്ലി ശ്രുതിയുമായി നിരന്തരം വഴക്കിട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് ശ്രുതിയുടെ മരണത്തില്‍ കേസെടുത്ത് ചെമ്പകവല്ലിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെമ്പകവല്ലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക്ശ്രമിച്ചത്.

 

Back to top button
error: