തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറോട് പോരിനുറച്ച് സംസ്ഥാന സര്‍ക്കാര്‍. കേരള വിസി നിയമനത്തിനുള്ള പുതിയ പാനല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് നല്‍കി. സ്ഥിരം വിസി വരും വരെ പാനലില്‍ നിന്ന് ഒരാളെ നിയമിക്കണമെന്ന് എന്ന് ആവശ്യം. മോഹനന്‍ കുന്നുമ്മലിന് ചുമതല നീട്ടി നല്‍കിയതില്‍ കടുത്ത അതൃപ്തിയിലാണ് സര്‍ക്കാര്‍. എം.ജി സര്‍വകലാശാലയിലെ ഡോ. ജയചന്ദ്രന്‍, കാലിക്കറ്റിലെ പ്രൊഫസര്‍ പി.പി പ്രദ്യുമ്നന്‍, കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡോ. കെ. ശ്രീജിത്ത് എന്നിവരുടെ പേരാണ് നല്‍കിയത്.
ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നത് അവസരവാദപരമായ നിലപാടാണെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ ആരോപണം. സര്‍ക്കാരിനെ ചാന്‍സലര്‍ ഇരുട്ടില്‍ നിര്‍ത്തിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജും പ്രതികരിച്ചിരുന്നു. മോഹനന്‍ കുന്നുമ്മലിന്റെ പുനര്‍നിയമനമാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്.
പുനര്‍നിയമനത്തില്‍ തന്നെ പ്രതിയാക്കിയ ചാന്‍സലര്‍ ഇപ്പോള്‍ മറ്റൊരാള്‍ക്കു പുനര്‍നിയമനം നല്‍കിയിരിക്കുകയാണെന്ന് മന്ത്രി ബിന്ദു വിമര്‍ശിച്ചു. ഒരിക്കല്‍ പറയുന്നതില്‍നിന്നു വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമെന്നായിരുന്നു എല്‍ഡിഎഫ് നേതൃത്വത്തിന്റെ പ്രതികരണം.
നേരത്തെ മോഹനന് അഞ്ച് വര്‍ഷത്തേക്കുകൂടി കാലാവധി നീട്ടി ചാന്‍സലര്‍ ഉത്തരവിറക്കുകയായിരുന്നു. ഈ മാസം വിരമിക്കാനിരിക്കെയാണു പുതിയ തീരുമാനം. 70 വയസ് വരെ പദവിയില്‍ തുടരാമെന്ന് ഉത്തരവില്‍ പറയുന്നു. കേരള വിസിയുടെ അധിക ചുമതലയിലും മോഹനന്‍ തുടരും. ഇതോടെ, സംസ്ഥാനത്ത് പുനര്‍നിയമനം ലഭിക്കുന്ന രണ്ടാമത്തെ വിസിയായിരിക്കുകയാണ് ഡോ. മോഹനന്‍ കുന്നുമ്മല്‍. നേരത്തെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനാണ് സംസ്ഥാനത്ത് ആദ്യമായി വിസിയായി പുനര്‍നിയമനം ലഭിച്ചത്. നടപടി വിവാദമാകുകയും നിയമ പോരാട്ടത്തിനൊടുവില്‍ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രിംകോടതി അസാധുവാക്കുകയും ചെയ്തിരുന്നു.