
ആലപ്പുഴ: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷ ക്രമീകരണങ്ങളില്‍ വീഴ്ച. മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനെത്തിയപ്പോഴായായിരുന്നു വീഴ്ച സംഭവിച്ചത്. ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ വാഹനം കാത്ത് അഞ്ച് മിനിറ്റോളമാണ് നിന്നത്. ഈ സമയത്ത് അദ്ദേഹത്തിന്റെ വാഹനവ്യൂഹം പടിഞ്ഞാറെ നടയില്‍ കാത്തുനില്‍ക്കുകയായിരുന്നു.
അവിടെയുണ്ടായിരുന്ന ഓട്ടോയില്‍ കയറി സുരേഷ് ഗോപി കുമരകത്ത് പോകാന്‍ ആവശ്യപ്പെട്ടതോടെ ഓട്ടോക്കാരന്‍ പരുങ്ങി. രണ്ട് കിലോ മീറ്റര്‍ ഓട്ടോയില്‍ പിന്നിട്ട് ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍ എത്തിയപ്പോഴേക്കും വാഹനം വ്യൂഹം എത്തി. ഗണ്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്.
പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോള്‍ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ നീരസത്തോടെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ശാന്തനായി ഔദ്യോഗിക വാഹനത്തില്‍ കുമരകത്തേക്ക് പോവുകയായിരുന്നു. ഇന്ന് കോട്ടയത്ത് ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്നലെ കുമരകത്താണ് സുരേഷ് ഗോപിക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്.
ആയില്യം മഹോത്സവത്തിന് ഒരുങ്ങി മണ്ണാറശാല; ആയില്യം എഴുന്നള്ളത്ത്, ദര്‍ശനം…






