ജയ്പുര്‍: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു കോടി രൂപയ്ക്കു മുകളില്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് ക്ഷത്രിയ കര്‍ണി സേന. ലോറന്‍സ് ബിഷ്ണോയ് ഇപ്പോള്‍ ഗുജറാത്തിലെ ജയിലിലാണ്. ക്ഷത്രിയ കര്‍ണിസേന ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത് വിഡിയോ സന്ദേശത്തിലൂടെയാണ് പ്രതിഫലം പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
1,11,11,111 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. ഗുജറാത്ത്, കേന്ദ്ര സര്‍ക്കാരുകളുടെ നടപടികളെ കര്‍ണിസേനാ തലവന്‍ വിമര്‍ശിച്ചു. കര്‍ണിസേനാ മുന്‍ തലവന്‍ സുഖ്ദേവ് സിങ് 2023 ഡിസംബര്‍ അഞ്ചിനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു. രാജ്യത്തൊട്ടാകെ വേരുകളുള്ള സംഘമാണ് ബിഷ്ണോയിയുടേതെന്ന് പൊലീസ് പറയുന്നു. മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ബിഷ്ണോയുടെ സംഘത്തിലുള്ളവരാണ് പിടിയിലായത്.
സല്മാന് ഖാന്റെ ബാന്ദ്രയിലെ വസതിക്കു നേരെ ഏപ്രില്‍ 14ന് വെടിയുതിര്‍ത്ത സംഭവത്തിലും ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് പിടിയിലായത്. ബിഷ്ണോയിയുടെ സഹോദരന് അന്മോള് ബിഷ്ണോയ് വെടിവയ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.