ലഖ്‌നൗ: ‘കര്‍വാ ചൗത്ത്’ ഉത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ അത്താഴത്തില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. യു.പി കൗശാംബി ജില്ലയിലെ ഇസ്മായില്‍പുര്‍ ഗ്രാമവാസിയായ ശൈലേഷ് (32) ആണ് മരിച്ചത്. സംഭവത്തില്‍ ശൈലേഷിന്റെ ഭാര്യ സവിത (30) യെ ആണ് പൊലീസ് കസ്റ്റിയിലെടുത്തത്.
ഉത്തരേന്ത്യയില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് വളരെ പ്രധാനപ്പെട്ട ആഘോഷമാണ് കര്‍വാ ചൗത്ത്. ഈ ദിവസം ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനും ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും വ്രതം അനുഷ്ടിക്കുകയും ചെയ്യുന്നു. ഈ ആഘോഷ രാത്രിയില്‍ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശൈലേഷിന് അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു. പിന്നാലെ പ്രാദേശിക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ച ശൈലേഷ് മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഭര്‍ത്താവിന് അവിഹിത ബന്ധം ആരോപിച്ച് ഭാര്യ സവിത ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കിയതായി പോലീസ് വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍, സവിതയ്ക്കെതിരെ ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ), 123 (വിഷം) എന്നിവ പ്രകാരം കേസെടുത്തു. പ്രതിയായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്.