KeralaNEWS

ദിവ്യ കൂടുതല്‍ കുരുക്കിലേക്ക്? നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക വസതിയില്‍ രാത്രി എത്തിയാണ് പൊലീസ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ആണ് മൊഴിയെടുത്തത്.

അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയ അന്വേഷണ ഉദ്യോ?ഗസ്ഥ എ. ഗീത ഐഎഎസ് കണ്ണൂരിലെത്തി അരുണ്‍.കെ. വിജയന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റവന്യൂ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എഡിഎം സ്വീകരിച്ചത് നിയമപരമായ നടപടികളാണെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. ടൗണ്‍ പ്ലാനിങ് റിപ്പോര്‍ട്ട് തേടിയത് റോഡിന് വളവുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിലാണെന്നും ഇതില്‍ പറയുന്നു. ലാന്‍ഡ് റവന്യൂ ജോ.കമ്മിഷ്ണറുടെ റിപ്പോര്‍ട്ട് ഉടന്‍ റവന്യൂ വകുപ്പിന് കൈമാറും. അതേസമയം പി.പി ദിവ്യയുടെ മൊഴി എടുക്കാന്‍ ലാന്‍ഡ് റവന്യൂ ജോ.കമ്മിഷ്ണര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

Signature-ad

എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് കലക്ടറാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ ഉന്നയിച്ചിരുന്നു. ഈ ചടങ്ങിലാണ് ദിവ്യ എഡിഎമ്മിനെതിരെ അധിക്ഷേപവും അഴിമതി ആരോപണവും ഉന്നയിച്ചത്. എന്നാല്‍ താന്‍ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടിയുടെ സംഘാടകന്‍ താനല്ലെന്നും കലക്ടര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, നവീന്‍ ബാബുവിനെതിരെ ദിവ്യ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കലക്ടര്‍ അത് തടഞ്ഞില്ലെന്ന വിമര്‍ശനം അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. പരിപാടിയില്‍ പങ്കെടുത്ത എഡിഎമ്മിന്റെ ഓഫീസ് ജീവനക്കാരും കലക്ടര്‍ക്കെതിരെയാണ് മൊഴി നല്‍കിയത്. ദിവ്യ നടത്താനിരുന്ന പരാമര്‍ശം സംബന്ധിച്ച് കലക്ടര്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അതിനാലാണ് അദ്ദേഹം പ്രതികരിക്കാതിരുന്നതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: