റിയൽഎസ്റ്റേറ്റ് ബിസിനസ്സുകാരനായ അച്ഛന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അമ്മയ്ക്കും അവരുടെ കാമുകനായ 30കാരനും എതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 18 കാരിയായ മകൾ പൊലീസിൽ പരാതി നല്‍കി. കർണാടകയിലെ ബെൽഗാവി സ്വദേശിയായ സന്തോഷ് പഡമന്നവറിന്റെ(47) മരണത്തിലാണ് അമ്മയേയും കാമുകനെയും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മകൾ സഞ്ജന പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
ഒക്ടോബർ 9നാണ് റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ സന്തോഷ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഭാര്യ ഉമ പറഞ്ഞത്. എന്നാൽ അച്ഛന്റേത് സ്വാഭാവിക മരണമല്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മകൾ സഞ്ജന പരാതി നൽകിയത്.
ബെംഗളൂരുവിൽ പഠിക്കുന്ന സഞ്ജന അച്ഛന്റെ മരണവാർത്ത അറിഞ്ഞാണ് നാട്ടിലെത്തിയത്. അച്ഛൻ ഹൃദയാഘാതത്താൽ മരിച്ചതാണെന്ന് വിശ്വസിക്കുന്നില്ലെന്നും 41കാരിയായ അമ്മയെയും അവരുടെ 30കാരനായ സുഹൃത്ത് ഷോഭിത് ഗൗഡയേയും വീട്ടിലെ രണ്ട് ജോലിക്കാരേയും അന്വേഷണത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്തി ചോദ്യം ചെയ്യണമെന്നുമാണ് മകളുടെ ആവശ്യം.
സബ്ഡിവിഷണൽ മജിസ്ട്രേറ്റ് ശ്രാവൺ കുമാറിന്റെ അനുമതിയോടെ പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പൊലീസ് കമ്മീഷണർ മാർട്ടിൻ മാർബനിയാങ് വ്യക്തമാക്കി.
ആഞ്ജനേയ നഗറിൽ ഭാര്യക്കും ആൺമക്കൾക്കുമൊപ്പം മൂന്നുനില വീട്ടിലാണ് സന്തോഷും കഴിഞ്ഞിരുന്നത്. ഒക്ടോബർ 9 രാത്രിയിൽ ഹൃദയാഘാതത്താൽ സന്തോഷ് മരിച്ചുവെന്നാണ് ഉമ കുടുംബാംഗങ്ങളെ വിളിച്ചറിയിച്ചത്. നിരവധി സി.സി. ടി.വികൾ വീട്ടിൽ ഘടിപ്പിച്ചിരുന്നു.
അച്ഛന്റെ അവസാനദൃശ്യങ്ങൾ കാണണമെന്ന് മകൾ അറിയിച്ചപ്പോൾ അമ്മ ഉമ നിരസിച്ചതാണ് സംശയങ്ങൾക്ക് വഴിവെച്ചത്. സി.സി. ടി.വി ദൃശ്യത്തിൽ നിന്ന് ചിലഭാഗങ്ങൾ ഡിലീറ്റ് ചെയ്തെന്ന് സംശയിക്കുന്നതായും സഞ്ജന അറിയിച്ചു. ഉമയും ഷോഭിതുമായുള്ള ബന്ധത്തിൽ സന്തോഷ് അസ്വസ്ഥനായിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തുന്നു.