കൊച്ചി: പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ പരാതി നല്‍കി നടന്‍ സിദ്ദിഖ്. പൊലീസ് തന്റെ പിന്നാലെ യാത്ര ചെയ്ത് ഇക്കാര്യം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതായാണ് പരാതി. കൊച്ചി സിറ്റി ഷാഡോ പൊലീസിന്റെ വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്.
താന്‍ അഭിഭാഷകനെ കാണാന്‍ പോയത് പോലും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് പൊലീസെന്നും പരാതിയില്‍ പറയുന്നു. തന്നെയും മകനേയും മാധ്യമങ്ങളും പോലീസും യാത്ര ചെയ്യാന്‍ പോലും അനുവദിക്കുന്നില്ലെന്നും സിദ്ദിഖ് പരാതിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന പൊലീസ്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ സിദ്ദിഖ് ഹാജരാക്കിയില്ല. തിരുവനന്തപുരം കന്റോന്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഇന്നലെ നടനെ ചോദ്യം ചെയ്തതിരുന്നു. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുന്നത്.
സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരം ഡിജിറ്റല്‍ തെളിവുകള്‍ സിദ്ദിഖ് ഹാജരാക്കിയിരുന്നില്ല. ഹാജരാകുമ്പോള്‍ കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന 2016-17 കാലത്തെ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കണമെന്നായിരുന്നു അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ അക്കാലത്തെ ഫോണും ഐപാഡും കൈവശമില്ലെന്നാണ് സിദ്ദിഖ് വ്യക്തമാക്കിയത്. സിദ്ദിഖിന്റെ മറുപടി തൃപ്തികരമല്ലെന്ന് അന്വേഷണ സംഘം പറയുന്നു. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന കാര്യം സുപ്രീംകോടതിയെ അറിയിക്കും. സിദ്ദിഖിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്നും എസ്ഐടി വ്യക്തമാക്കി.