ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐഒഎ) പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.ടി ഉഷയെ പുറത്താക്കാന്‍ അവിശ്വാസപ്രമേയ നീക്കം. 25ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യും.
15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേരും പി.ടി ഉഷയ്‌ക്കെതിരെ രംഗത്ത് വന്നു. ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും ചര്‍ച്ച ചെയ്യും. പ്രസിഡന്റ് സ്ഥാനത്ത് എത്തിയതിന് കേവലം രണ്ട് വര്‍ഷത്തിനുള്ളിലാണ് ഉഷയ്‌ക്കെതിരായ നീക്കം.
ഉഷയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചകളുണ്ടായിട്ടുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാരീസ് ഒളിമ്പിക്സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയന്‍സുമായുള്ള കരാറില്‍ സിഎജി ഉഷയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. റിലയന്‍സിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സിഎജിയുടെ ആരോപണം. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ഉഷ നിരസിച്ചിരുന്നു.