LocalNEWS

ഓര്‍മയുണ്ടോ ഈ മുഖമെന്ന് കുറുവച്ചന്‍; മറന്നിട്ടു വേണ്ടേ ഓര്‍മിക്കാനെന്ന് സുരേഷ് ഗോപി!

കോട്ടയം: ഓര്‍മയുണ്ടോ ഈ മുഖം! കുരുവിനാക്കുന്നേല്‍ തറവാടിന്റെ പൂമുഖത്തു നിന്നു കുറുവച്ചന്‍ മുഴക്കമുള്ള ശബ്ദത്തില്‍ ചോദിച്ചു. മറന്നിട്ടു വേണ്ടേ ഓര്‍മിക്കാന്‍ ചിരിയോടെ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി മറുപടി പറഞ്ഞു. രണ്ടു കയ്യും കൂട്ടിപ്പിടിച്ചു കുറുവച്ചന്‍ സുരേഷ് ഗോപിയെ വീടിന് ഉള്ളിലേക്കു ക്ഷണിച്ചു. റീലിലെ നായകനും റിയല്‍ നായകനും ആദ്യമായി മുഖാമുഖമെത്തി.

പാലാ ഇടമറ്റം കുരുവിനാക്കുന്നേല്‍ ജോസ് (70) എന്ന കുറുവച്ചന്റെ ജീവിതകഥ പറയുന്ന ചിത്രം വളരെ നേരത്തേ തന്നെ സുരേഷ് ഗോപി ചെയ്യേണ്ടതായിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ചിത്രം നീണ്ടുപോയി. സുരേഷ് ഗോപിയുടെ 250 ാം ചിത്രമായി പ്രഖ്യാപിച്ച ഒറ്റക്കൊമ്പന്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കാനാണു ശ്രമം. ഈ സാഹചര്യത്തില്‍ കൂടിയാണു സുരേഷ് ഗോപി ഇടമറ്റത്തെ വീട്ടിലെത്തി ജോസ് കുരുവിനാക്കുന്നേലിനെ കണ്ടത്.

Signature-ad

കുറുവച്ചന്റെ ഭാര്യ മറിയമ്മ, മകള്‍ റോസ് മേരി, മരുമകന്‍ ബെര്‍ളി സിറിയക് എന്നിവര്‍ ചേര്‍ന്നു സുരേഷ് ഗോപിയെ സ്വീകരിച്ചു. സുരേഷ് ഗോപിയുടെയും കുറുവച്ചന്റെയും സുഹൃത്തായ ബിജു പുളിക്കക്കണ്ടമാണു കൂടിക്കാഴ്ച ഒരുക്കിയത്. 1997ലാണ് ഈ കഥ രണ്‍ജി പണിക്കര്‍ തന്നോടു പറയുന്നതെന്നു സുരേഷ് ഗോപി കുറുവച്ചനോടു പറഞ്ഞു. അന്നു തന്നെ വന്നു കാണേണ്ടതായിരുന്നു. വര്‍ഷം ഒരുപാടു കഴിഞ്ഞു. ഷാള്‍ ഇട്ടാണു സുരേഷ് ഗോപി കുറുവച്ചനെ സ്വീകരിച്ചത്.

ഇഷ്ടമുള്ള നിറമാണോ എന്ന സുരേഷ് ഗോപിയുടെ ചോദ്യത്തിന് എല്ലാ നിറവും നല്ലതല്ലേ എന്നു കുറുവച്ചന്റെ തഗ് മറുപടി. അകത്തെ മുറിയില്‍ തിരക്കു കൂടിയപ്പോള്‍ കുറുവച്ചന്‍ പറഞ്ഞു: നമുക്കു പുറത്തിരുന്നാലോ.. അതല്ലേ ഞാന്‍ ആദ്യമേ പറഞ്ഞതെന്നു സുരേഷ് ഗോപി. അപ്പോള്‍ കടുവയുടെ സ്വഭാവം പുറത്തുവന്നു. സിനിമക്കാരാനായി സ്ഥലം മനസ്സിലാക്കിയാണു പുറത്തിരിക്കാമെന്നു പറഞ്ഞത് ചിരിച്ചുകൊണ്ടു സുരേഷ് ഗോപിയും എഴുന്നേറ്റു.

പൂമുഖത്ത് ഇരുവരും അടുത്തിരുന്നു. മന്ത്രി അധ്യക്ഷത വഹിക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ അധികസമയം ചെലവഴിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞപ്പോള്‍ ഇനിയും വരണമെന്നു കുറുവച്ചന്റെ മറുപടി. ഒറ്റക്കൊമ്പന്‍ ഉടന്‍ ഷൂട്ടിങ് തുടങ്ങുമെന്നും അതിന് അനുമതി വാങ്ങി നല്‍കാമെന്ന് അമിത് ഷാ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. നായികയുടെ കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ല.

അനുമതി ലഭിച്ചാല്‍ ആദ്യം ചെയ്യുന്ന ചിത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്‌ക്രീനില്‍ തന്നെ സുരേഷ് ഗോപി അവതരിപ്പിക്കുന്നതാണ് ഇഷ്ടമെന്നു ജോസ് കുരുവിനാക്കുന്നേലും പറഞ്ഞു. അല്ലെങ്കില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ വേണം. ബിജെപി നേതാക്കളായ എസ്.ജയസൂര്യന്‍, എന്‍.ഹരി, ജി.ലിജിന്‍ ലാല്‍, പാലാ നഗരസഭാധ്യക്ഷന്‍ ഷാജു തുരുത്തന്‍, ഡിജോ കാപ്പന്‍ തുടങ്ങിയവരും വീട്ടില്‍ എത്തിയിരുന്നു.

Back to top button
error: