പടവുകൾ
പാവപ്പെട്ടവന്റെയും പണക്കാരന്റെയും ഇഷ്ട വിഭവമാണ് പപ്പടം. വലുപ്പച്ചെറുപ്പമില്ലാതെ പ്രീതി നേടിയ പപ്പടം എന്നും സദ്യയിലെ പ്രധാന ആകർഷണമാണ്.
പപ്പടം വിറ്റഴിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയ 7 സഹോദരിമാരുടെ കഥ ആരെയും അതിശയിപ്പിക്കും. വെറും 80 രൂപ മുതൽ മുടക്കിൽ തുടങ്ങി ഇന്ന് 1600 കോടി രൂപയുടെ വളർച്ചയിലേക്ക് എത്തി നിൽക്കുന്ന ‘ലിജ്ജത്ത്’ കമ്പനിയാണ് പപ്പടത്തെ ആഗോള ശ്രദ്ധയിലേക്ക് എത്തിച്ചത്.
തുടക്കം
ലിജ്ജത്ത് പപ്പടം ഇന്ത്യയ്ക്ക് പുറത്തും പ്രശസ്തമാണ്. 1959ൽ 7 ഗുജാത്തി സ്ത്രീകൾ ആരംഭിച്ച ‘പപ്പടക്കമ്പനി’ വൻ പ്രതിസന്ധികളെ തരണം ചെയ്താണ് ഇന്നത്തെ നിലയിലേക്ക് വളർന്നത്.
പാർവതിബെൻ രാംദാസ് തോഡാനി, ജസ്വന്തിബെൻ ജമ്നാദാസ് പോപറ്റ്, ഉജംബെൻ നരൻദാസ് കുണ്ഡലിയ, ബാനുബെൻ തന, ലഗുബെൻ അമൃത്ലാൽ ഗോകാനി, ജയബെൻ വി വിത്തലാനി, ദിവാലിബെൻ എന്നിവരായിരുന്നു ലിജ്ജാത്ത് പപ്പടത്തിന്റെ പിന്നിലെ ചാലക ശക്തിയായ 7 സ്ത്രീകൾ.
ലിജ്ജത്ത് പപ്പടം
ഈ വനിതകൾ സാമൂഹിക പ്രവർത്തകനും സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗവുമായ ഛഗൻലാൽ കരംസി പരേഖിനോട് 80 രൂപ വായ്പ വാങ്ങി.
ഈ പണം ഉപയോഗിച്ച് ഇവർ നഷ്ടത്തിലായ ഒരു പപ്പടം നിർമ്മാണ കമ്പനി വാങ്ങി. പപ്പട നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും കണ്ടെത്തി. തുടർന്ന് ഇവർ ഒരു സഹകരണ സംഘം രൂപീകരിച്ചു. 25 ഓളം സ്ത്രീകൾ 3 മാസത്തിനുള്ളിൽ പപ്പട വ്യവസായത്തിൽ ജോലി നോക്കി തുടങ്ങി.
വളർച്ച
ആദ്യ വർഷം മുതൽ ലിജ്ജത്ത് പപ്പടം മികച്ച നേട്ടം ഉണ്ടാക്കി. ഗുണഭോക്താക്കളുടെ പ്രചരണങ്ങളിലൂടെയും മാധ്യമ വാർത്തകളിലൂടെയും മറ്റും ഈ സഹകരണസംഘത്തെ ആളുകൾ അറിയാനും അംഗീകരിക്കാനും തുടങ്ങി. 2 വർഷം പൂർത്തിയായപ്പോഴേക്കും തൊഴിലാളികളുടെ എണ്ണം 150 ആയി ഉയർന്നു, 3-ാം വർഷത്തിൽ അത് 300 കവിഞ്ഞു.
ഗുജറാത്തി ഭാഷയിൽ ‘രുചിയുള്ളത്’ എന്നർഥമുള്ള ലിജ്ജത്ത് എന്ന പേരിൽ1962ൽ ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്യാൻ അവർ തീരുമാനിച്ചു. ‘ശ്രീ മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പാട്’ എന്ന ഔപചാരിക നാമത്തിലാണ് സംഘടന അറിയപ്പെട്ടിരുന്നത്. 1962- ’63 ആയപ്പോഴേക്കും പപ്പട വിൽപ്പന പ്രതിവർഷം 1,82,000 രൂപയിലെത്തിയിരുന്നു.
വെല്ലുവിളികൾ
വിൽപ്പന പൊടിപൊടിച്ചതോടെ നിർമ്മാണത്തിലും വേഗത കൈവരിക്കേണ്ട ആവശ്യകത വന്നു. പക്ഷേ സാഹചര്യങ്ങൾ പരിമിതമായതിനാൽ വെല്ലുവിളി ഏറെയായിരുന്നു. കാലാവസ്ഥയായിരുന്നു പ്രധാന ഭീഷണി. മഴക്കാലത്ത് 4 മാസത്തോളം പപ്പടം ഉണക്കിയെടുക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ഇത് തരണം ചെയ്യാനുള്ള വഴികളാണ് അവർ തേടിയത്.
ആദ്യഘട്ടത്തിൽ സ്റ്റൗവിന് മുകളിലായി കട്ടിൽ കെട്ടിയിട്ട് അതിൽ പപ്പടം ഉണക്കിയെടുക്കാൻ പോലുമുള്ള ശ്രമങ്ങൾ ഇവർ നടത്തി. പിന്നീട് ഇതിനായുള്ള ഹീറ്റ് കാബിനറ്റുകൾ, മൈക്രോ വേവ് ഓവനുകൾ എന്നിവ അടക്കമുള്ള ഉപകരണങ്ങൾ സംഘം സ്വന്തമാക്കി.
ആസ്തി1600 കോടിയിലേക്ക്
‘ശ്രീ മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പട്’ ഇന്ന് ഇന്ത്യയിലെ 10ലധികം സംസ്ഥാനങ്ങളിലുള്ള സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന വൻകിട സംരംഭമായി മാറി. ഏകദേശം 62 ശാഖകളിലായി 42,000 വനിതകളാണ് കമ്പനിയ്ക്ക് കീഴിൽ ജോലി ചെയ്യുന്നത്. 1600 കോടിയോളം രൂപയുടെ ബിസിനസാണ് നിലവിൽ കമ്പനി നടത്തി കൊണ്ടിരിക്കുന്നത്.
വനിതാ ശാക്തീകരണത്തിലെ ഏറ്റവും പ്രചോദനാത്മകമായ സംഭവങ്ങളിൽ ഒന്നാണ് ലിജ്ജത്ത് പപ്പടത്തിന്റെ കഥ. ഏത്ര താഴെ തട്ടിലുള്ളവർക്കും കഠിനാധ്വാനം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ബിസിനസിൽ വിജയം കൊയ്യാമെന്ന പ്രതീക്ഷ നൽകുന്നു ഈ സംരംഭം