IndiaNEWS

ആദ്യം തിരിച്ചടി, പിന്നാലെ തകര്‍പ്പന്‍ തിരിച്ചു വരവ്; ഹരിയാനയില്‍ ബിജെപിക്ക് ഹാട്രിക് വിജയം

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയം. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ വളരെ പിന്നില്‍ നിന്ന ശേഷമായിരുന്നു ബിജെപിയുടെ ഗംഭീര തിരിച്ചു വരവ്. സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം വട്ടമാണ് ബിജെപി അധികാരം നേടുന്നത്. 90 അംഗ നിയമസഭയില്‍ 50 ലേറെ സീറ്റുമായിട്ടാണ് ബിജെപി ഹാട്രിക് നേട്ടത്തിലേക്കെത്തുന്നത്. കോണ്‍ഗ്രസിന് 36 സീറ്റിലാണ് ലീഡ്.

ഡല്‍ഹിക്കും പഞ്ചാബിനും പുറമെ, ഹരിയാനയിലും ശക്തി പരീക്ഷിക്കാനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് കാലിടറി. ഒരിടത്തും എഎപിക്ക് വിജയിക്കാനായില്ല. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഗ്രാമീണ മേഖലയില്‍ മുന്നേറിയ കോണ്‍ഗ്രസിന്, പക്ഷെ നഗരമേഖലയിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ കാലിടറുകയായിരുന്നു. ജാട്ട് മേഖലയിലെ സ്വാധീനം അരക്കിട്ടുറപ്പിച്ചാണ് ബിജെപി മൂന്നാംവട്ടവും അധികാരം ഉറപ്പാക്കിയത്.

Signature-ad

മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ നായബ് സിങ് സൈനി ലാഡ് വ മണ്ഡലത്തില്‍ 36,613 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് തകര്‍പ്പന്‍ ജയം നേടി. രാഷ്ട്രീയ ഗോദയിലെ കന്നി മത്സരത്തില്‍ ബിജെപിയുടെ യോഗേഷ് കുമാറിനെ 6015 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഫോഗട്ട് പരാജയപ്പെടുത്തിയത്.

മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖരായ മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ ഹൂഡ, മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍ മോഹന്‍, സാവിത്രി ജിന്‍ഡാല്‍, ആദിത്യ സുര്‍ജേവാല തുടങ്ങിയവര്‍ ലീഡു ചെയ്യുകയാണ്. ബിജെപി നേതാവും സംസ്ഥാന ആഭ്യന്ത്രമന്ത്രിയുമായ അനില്‍ വിജും തുടക്കത്തിലെ തിരിച്ചടിക്കു ശേഷം ലീഡ് തിരിച്ചു പിടിച്ചിട്ടുണ്ട്. അതേസമയം മുന്‍ ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗതാല, ഐഎന്‍എല്‍ഡി നേതാവ് അഭയ് സിങ് ചൗതാല, ബിജെപി നേതാവ് ക്യാപ്റ്റന്‍ അഭിമന്യു തുടങ്ങിയവര്‍ പിന്നിലാണ്.

ബിജെപിയുടെ മികച്ച വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് രാത്രി ഏഴു മണിക്കാണ് നരേന്ദ്രമോദി പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുക. ഹരിയാനയിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളായ സുധാംശു ത്രിവേദി, അനില്‍ ബലൗനി, അരുണ്‍ സിങ് തുടങ്ങിയവര്‍ യോഗം ചേര്‍ന്ന് വിലയിരുത്തി. മികച്ച വിജയത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലെ മുഖ്യമന്ത്രി നായബ് സിങ് സൈനി തന്നെ മുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: