KeralaNEWS

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന്‍ കുറ്റവിമുക്തന്‍

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസിന്റെ അന്തിമറിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കില്ലെന്നുമുള്ള സുരേന്ദ്രന്റെ വാദം കോടതി അംഗീകരിച്ചു. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചതായാണു കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. കെ.സുന്ദരയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ ശേഷം 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്‍കി നാമ നിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചു എന്നായിരുന്നു കേസ്. സുരേന്ദ്രനു പുറമേ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി സംസ്ഥാന സമിതി അംഗം വി.ബാലകൃഷ്ണ ഷെട്ടി, പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണു മറ്റു പ്രതികളായി കുറ്റപത്രത്തിലുണ്ടായിരുന്നത്.

Signature-ad

ആസൂത്രിതമായി കെട്ടിച്ചമച്ച കേസാണെന്ന് കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫിനായി മത്സരിച്ച സ്ഥാനാര്‍ഥി കൊടുത്ത കേസാണിത്. പിന്നീട് സുന്ദര കേസില്‍ കക്ഷി ചേരുകയായിരുന്നു. വലിയ ഗൂഢാലോചന നടന്നു. സിപിഎം, കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കാളികളാണ്. തന്നെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും ബിജെപിയെ താറടിക്കാനുമാണ് ഗൂഢാലോചന നടത്തിയത്. ഇതെല്ലാം കോടതിക്ക് ബോധ്യമായതായും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: