തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരായ നടപടികളുടെ ഭാഗമായി പൊലീസ് ആസ്ഥാനത്ത് ഇന്നലെ രാത്രി നടന്നത് എട്ടു മണിക്കൂര്‍ നീണ്ട യോഗം. റിപ്പോര്‍ട്ടിന്റെ അന്തിമരൂപം തയാറാക്കാനായിരുന്നു യോഗം. ഇന്ന് രാവിലെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.
ഡിജിപിയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്. അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. രാത്രി 11 മണിക്ക് ശേഷവും യോഗം തുടര്‍ന്നതായാണു വിവരം. ഇന്നലെ രാത്രിയോടെയാണ് സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത്. പി.വി അന്‍വര്‍ എംഎല്‍എ നല്കിയ പരാതികളിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമുള്ള അന്വേഷണ റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കുക.
അന്‍വര്‍ നല്കിയ പരാതികളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തര യോഗത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് അന്വേഷണ സംഘാംഗങ്ങളെ അറിയിച്ചു. എന്നാല്‍, രാത്രി വൈകിയും അതുണ്ടായില്ല.
ഇന്ന് രാവിലെ തന്നെ ഇരു റിപ്പോര്‍ട്ടുകളും മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം. ഡിജിപി നല്കുന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ശിപാര്‍ശകളും പരിശോധിച്ച ശേഷമാവും അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുക.