102 കിലോ തൂക്കം, 6 അടി 3 ഇഞ്ച് ഉയരം, ചോരക്കണ്ണുകള്‍, മുറിപ്പാടുകളുള്ള മുഖം… ഇങ്ങനെയൊരു വില്ലനെ കിട്ടാന്‍ സിനിമ കാത്തിരുന്നതുപോലെ. ആറാം തമ്പുരാനിലെ ചെങ്കളം മാധവന്‍, നരസിംഹത്തിലെ ഭാസ്‌കരന്‍, മായാവിയിലെ യതീന്ദ്രന്‍, സ്റ്റാലിന്‍ ശിവദാസിലെ നേതാവ്, ഉപ്പുകണ്ടം ബ്രദേഴ്‌സിലെ ജോസ് പൗലോച്ചന്‍… വില്ലന്‍ കീരിക്കാടനാണോ എന്നാല്‍ അടി കലക്കും എന്ന ഗ്യാരന്റി പ്രേക്ഷകനുണ്ടായി.
അതിന്റെ ആരംഭം ഇങ്ങനെ. രാമപുരം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം വാങ്ങിയെത്തിയ ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായര്‍. അയാളുടെ നോട്ടം ചെന്നെത്തുന്നത് ചുമരിലെ ക്രിമിനുലുകളുടെ ഫോട്ടോകളിലേക്ക്. അതിന്റെ നടുവില്‍ ജോസ് (കീരിക്കാടന്‍ ജോസ്) എന്നെഴുതിയിട്ടുണ്ട്. പക്ഷേ, പടമില്ല.
ജോസിന്റെ പടം ഒട്ടിക്കാന്‍ പറ്റില്ല, അയാള്‍ വന്ന് കീറിക്കളയും. രണ്ടുമൂന്ന്‌കൊലക്കേസില്‍ ശിക്ഷിച്ചിട്ടുള്ളതാ… കോണ്‍സ്റ്റബിള്‍ ഹമീദ് (മാമുക്കോയ) പറയുന്ന ഡയലോഗു മുതല്‍ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിന്റെ ഭീകരത പ്രേക്ഷകരില്‍ നിറയുന്നു. പിന്നെയുള്ള സീനുകളിലെല്ലാം ജോസിനെ പറ്റിയുളള ഭീകര വര്‍ണ്ണനകളാണ്.
എട്ടു പത്ത് കൊലക്കേസിലെ പ്രതി, രാവിലെ അറുക്കണ ആടിന്റെ ചോര കുടിച്ചിട്ട് വീടുവരെ മൂന്നു കിലോമീറ്റര്‍ ഓടും…. അങ്ങനെപോകുന്നു വര്‍ണ്ണനകള്‍. ജോസിന്റെ കൂട്ടത്തിലുള്ള പരമേശ്വരനോട് എണീറ്റ് വണ്ടിയില്‍ കയറടാ… എന്ന് പറയുന്ന അച്യുതന്‍ നായരുടെ പുറകിലെത്തി ഷര്‍ട്ടില്‍ തൂക്കിയെടുത്ത് ഇടിച്ചു തെറിപ്പിക്കുന്ന അതികായന്‍. അപ്പോഴാണ് കീരിക്കാടന്‍ ജോസ് സ്‌ക്രീനില്‍ നിറയുന്നത്.
ആ സീന്‍ മുതല്‍ സിനിമയുടെ ഗതിമാറുകയാണ്. ജോസിനെ അവതരിപ്പിച്ച മോഹന്‍രാജിന്റെയും. റിലീസ് ദിനം സെക്കന്‍ഡ്‌ഷോ കാണാന്‍ കോഴിക്കോട് തീയേറ്ററില്‍ മോഹന്‍രാജ് ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞ്
മടങ്ങാനയി ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്യാന്‍, ഓടിക്കൂടിയ പ്രേക്ഷകര്‍ സമ്മതിക്കുന്നില്ല.മോഹന്‍ലാലിനെ ചവിട്ടത്തെറിപ്പിച്ച വില്ലനെ തൊടണം,കൈപിടിച്ചു കുലുക്കണം. അങ്ങനെ വില്ലന്മാരുടെ മുന്‍നിരയിലേക്ക് ഒരു പേരെത്തി- കീരിക്കാടന്‍ ജോസ്. മോഹന്‍രാജ് എന്ന സ്വന്തം നാമം അതോടെ അലിഞ്ഞുപോയി.
കീരിക്കാടനാണ് കിരീടത്തിന്റെ നട്ടെല്ലെന്ന് ലോഹിതദാസ് പലതവണ പറഞ്ഞിട്ടുണ്ട്. മോഹന്‍രാജ് മോഹന്‍ലാലിന്റെ പ്രതിയോഗിയായെത്തിയപ്പോഴെല്ലാം തിയേറ്ററുകള്‍ ഇളകിമറിഞ്ഞു. വില്ലന്‍വേഷങ്ങള്‍ തുടര്‍ച്ചയായി കിട്ടിയപ്പോള്‍ മോഹന്‍രാജിന് മടുത്തു
”അടിവാങ്ങുന്ന വേഷങ്ങള്‍ തന്നെയാണ് ഇപ്പോഴും വരുന്നത്. അതിലൊരു പുതുമയില്ല. സിനിമയിലെ വില്ലന്‍മാരുടെ ജീവിതം കഷ്ടമാണ്. മാനസികമായും സാമ്പത്തികമായും നേട്ടമൊന്നുമില്ല.- അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘ഹലോ’യില്‍ പട്ടാമ്പി രവി എന്ന കഥാപാത്രത്തിലൂടെ തമാശ വേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ചു.
സത്യരാജിന്റെ പകരക്കാരന്‍
ആണ്‍പാപം എന്ന തമിഴ് ചിത്രത്തിലാണ് മോഹന്‍രാജ് ആദ്യം അഭിനിച്ചത്. സത്യരാജിനായി കരുതിവച്ചിരുന്ന വേഷമായിരുന്നു അത്. വേഷം ചെറുത് എന്ന് പറഞ്ഞ് സത്യരാജ് ഉപേക്ഷിച്ചപ്പോള്‍ മോഹന്‍രാജിന് നറുക്കുവീണു.
ഏതാണ്ടതുപോലെ കീരിക്കാടന്റെ വേഷവും. കലാധരന്‍ സംവിധാന സഹായിയായി ജോലി ചെയ്യുന്ന കാലത്താണ് കിരീടത്തിലേക്ക് മോഹന്‍രാജിനെ ക്ഷണിക്കുന്നത്. തീരുവനന്തപുരത്തെ ഗീത് ഹോട്ടലില്‍ ലോഹിതദാസിനു മുന്നില്‍ മോഹന്‍രാജ് നിന്നു. അടിമുടിനോക്കിയ ലോഹി ഉറപ്പിച്ചു- ഇത് തന്നെ കീരീക്കാടന്‍ ജോസ്. സംവിധായകന്‍ സിബി മലയിലിന്റെയും മനം നിറഞ്ഞു. തെലുങ്ക് നടന്‍ പ്രദീപ് ശക്തിക്കുവേണ്ടി കരുതിയിരുന്ന വേഷമായിരുന്നു അത്. പ്രദീപ് വരാത്തതു നന്നായി എന്നാണ് അപ്പോള്‍ എല്ലാവര്‍ക്കും തോന്നിയത്.