ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിൽ ലോറി ഉടമ മനാഫിനെതിരെ ചേവായൂർ പൊലീസ് കേസെടുത്തു. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം എന്ന വകുപ്പാണു ചുമത്തിയത്. കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തു എന്ന് എഫ്.ഐ.ആറിൽ പറയുന്നു.
അർജുനു വേണ്ടിയുള്ള രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ മനാഫും മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും നാടകം കളിച്ചുവെന്ന് അർജുന്റെ കുടുംബം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇതിനു പിന്നാലെ നടന്ന സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെയാണ് കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നല്‍കിയത്. വര്‍ഗീയ അധിക്ഷേപം നടക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.
അർജുന്റെ പേരിൽ മനാഫ് യുട്യൂബ് ആരംഭിച്ചുവെന്നും പണപ്പിരിവ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ഇതോടെ കുടുംബത്തിനെതിരെ സൈബർ ആക്രമണമുണ്ടായി. അർജുന്റെ സഹോദരീഭർത്താവ് ജിതിന് എതിരെയായിരുന്നു രൂക്ഷമായ ആക്രമണം. രാഷ്ട്രീയ- വര്‍ഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവര്‍ക്ക് പിന്നിൽ എന്നതാണു പ്രധാന ആരോപണം. സംഘപരിവാർ അനുകൂലി ആയതുകൊണ്ടാണ് ജിതിൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പ്രചാരണമുണ്ടായി.
പക്ഷേ അര്‍ജുന്റെ കുടുംബം ഉയർത്തിയ ആരോപണങ്ങളെല്ലാം ലോറി ഉടമ മനാഫ് പാടെ നിഷേധിച്ചു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വൈകാരിക മുതലെടുപ്പ് നടത്തിയിട്ടില്ല. ഇതിന്റെ പേരിൽ പണം പിരിച്ചിട്ടില്ലെന്നും ആരില്‍ നിന്നെങ്കിലും പൈസ വാങ്ങിയെന്ന് തെളിഞ്ഞാല്‍ കല്ലെറിഞ്ഞ് കൊല്ലൂ എന്നും മനാഫ് പ്രതികരിച്ചു.
അർജുന് മാസം 75000 രൂപ ശമ്പളം ലഭിച്ചിരുന്നുവെന്നത് സത്യമാണെന്ന് മനാഫ് സ്ഥിരീകരിച്ചു. ചില മാസങ്ങളിൽ ഇത് കൂടിയും കുറഞ്ഞും വന്നിട്ടുണ്ട്. ഇതിനുള്ള തെളിവായി അർജുൻ ഒപ്പിട്ട ലെഡ്‌ജർ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അർജുനെ വീട്ടിലെത്തിക്കണം എന്നത് തന്റെ ആഗ്രഹമായിരുന്നു, അത് സാധിച്ചുവെന്നും, ചിതയടങ്ങും മുൻപ് വിവാദം പാടില്ലെന്നും മനാഫ് കൂട്ടിച്ചേർത്തു. ഏത് നിയമനടപടിയും സ്വാഗതം ചെയ്യുന്നു.
“കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന ആളാണ് ഞാൻ. മോശമായിപ്പോയെങ്കിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വം ചെളിവാരിയെറിഞ്ഞ് ഇല്ലാതാക്കരുതെന്നാണ് പറയാനുള്ളത്.’’ മനാഫ് നയം വ്യക്തമാക്കി.
ഇതിനിടെ മനാഫ് എന്ന മനുഷ്യസ്നേഹിയെ മതം പറഞ്ഞ് അപമാനിക്കുന്ന കപട മനസ്സുകളെ തിരക്കഥാകൃത്ത് ഡോ: പ്രവീൺ ഇറവങ്കര തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ കഠിന ഭാഷയിൽ പൊളിച്ചടുക്കി.
“മനാഫിനെന്താണ് കുഴപ്പം?
അയാൾ ഒരു മുസൽമാൻ ആയതോ ?
കുറച്ചു ദിവസമായി സഹിക്കുന്നു !
പക്ഷേ എല്ലാത്തിനും ഒരു പരിധിയുണ്ട്.
എടാ ഒരുത്തൻ പത്തെഴുപത്തിരണ്ടു ദിവസം ആ ഗംഗാവാലി പുഴയോരത്ത് ഏതു നിമിഷവും വീണ്ടും പൊട്ടി വീഴാവുന്ന പാതിചത്ത മലഞ്ഞോട്ടിൽ ശവം കാത്തു കിടന്നത് അത്ര ചെറിയ കാര്യമാണോ ?
അടക്കം കഴിഞ്ഞ് അഞ്ചാം പക്കം അവനവന്റെ വഴിക്കു പോയി ആത്മാവിന്റെ ഭാഗമെന്ന് അവകാശപ്പെടുന്നവർ പോലും അന്യായമായി അർമാദിക്കുന്ന അഭിനവ മാനവിക മനസ്ഥിതിയുടെ മുന്നിൽ മനാഫ് ഒരു മഹാസംഭവം അല്ലേ…?
അയാൾ ഉണ്ണാതുറങ്ങാതെ ഉടുതുണി അലക്കി ഉണക്കി ആ നശിച്ച ചളിമൺകൂനയിൽ അവൻ മടങ്ങി വരുന്നതും കാത്ത് രണ്ടര മാസം ഇരുന്നില്ലേ…?
‘എന്റെ വണ്ടിയും തടിയും എനിക്കു വേണ്ട അവനെ മതി’ എന്ന് ചങ്കിൽ കൈ വെച്ചു പറഞ്ഞില്ലേ ?
ലോകത്തെ വിവരം അറിയിക്കാൻ അയാൾ ഒരു യൂട്യൂബ് ചാനൽ ഉണ്ടാക്കിയതാണോ ഇത്ര വലിയ കുഴപ്പം ?
ഇവിടെ വ്യവസായികൾ മുതൽ വ്യഭിചാരികൾ വരെ യൂട്യൂബ് ചാനൽ നടത്തുന്നു!
ആർക്കും ഒരു കടിയും ഇല്ല.
മനാഫിനു മാത്രം അയിത്തം!
എന്താ അയാൾ നാലാം വേദക്കാരനായതു കൊണ്ടാണോ ?
ഭൂമിയിലുള്ള മുഴുവൻ മുസ്ലിംങ്ങളും തീവ്രവാദികളാണെന്ന് നിന്നൊടാരു പറഞ്ഞു ?
ഒരാൾ പറയുന്നു തന്റെ തൊഴിലാളിയുടെ കുടുംബത്തെ സ്വന്തം കുടുംബമായി ഏറ്റെടുക്കാമെന്ന്…!
അയാൾക്കങ്ങനെ പറയാനെങ്കിലും ഇന്നത്തെ ഈ കെട്ടകാലത്ത് തോന്നിയെല്ലോ!
തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ മാനാഞ്ചിറ മൈതാനത്തു വന്നു നിൽക്കാം എറിഞ്ഞു കൊന്നോളാൻ ഒരുത്തൻ നെഞ്ചു വിരിച്ചു നിന്നു പറയണമെന്നുണ്ടെങ്കിൽ അവന് അവനെ എന്തു വിശ്വാസമാണ് എന്നെങ്കിലും ഊഹിച്ചു കൂടെ ?
എന്തിലും ഏതിലും മതം കലർത്തുന്ന നെറികെട്ട ജന്മങ്ങളേ, കാലം നിങ്ങൾക്കു മാപ്പു തരില്ല.
മനാഫ് ശരിയാണെന്ന് മനാഫിന് ഉറപ്പുണ്ട്.
ഞങ്ങൾക്കും.
ഇനി മേലിൽ ഈ മാതിരി പരിപാടിയുമായി ആടുകളെയും മേയിച്ച് ഈ വഴി വന്നാലുണ്ടെല്ലോ അടിച്ചു കരണക്കുറ്റി പൊട്ടിച്ചു കളയും.
നിർത്തിക്കോണം ഇന്നോടെ ഈ വൃത്തികെട്ട അഭ്യാസം.
അത് അളിയനായാലും കൊള്ളാം
അമ്മാവനായാലും കൊള്ളാം!
ഇത് കേരളമാണ്.
വാവർനടയിലും
അയ്യപ്പനടയിലും ഒരു പോലെ സാഷ്ടാംഗനമസ്കാരം ചെയ്യുന്ന ഞങ്ങളെ ഉമ്മാക്കി കാണിച്ചു പേടിപ്പിക്കരുത്.”
ഡോ. പ്രവീൺ ഇറവങ്കര