കോഴിക്കോട്: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പിവി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ റദ്ദാക്കി. കടുത്ത തൊണ്ടവേദനയെ തുടര്‍ന്ന് സംസാരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെ പി വി അന്‍വര്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൊതുയോഗങ്ങളാണ് റദ്ദാക്കിയത്.
ഇന്ന് അരീക്കോടും നാളെ മഞ്ചേരിയിലും നടത്താനിരുന്ന യോഗങ്ങളാണ് മാറ്റിയത്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതോടെയാണ് യോഗങ്ങള്‍ മാറ്റിയതെന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ അന്‍വര്‍ പറഞ്ഞു. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് എംഎല്‍എ ക്ഷമാപണം നടത്തി. വരും ദിവസങ്ങളിലെ യോഗത്തേക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
ഇന്നലെ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണ യോഗത്തില്‍ മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് അന്‍വര്‍ സംസാരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായാണ് പി വി അന്‍വര്‍ രം?ഗത്ത് എത്തിയത്. മതസൗഹാര്‍ദ്ദത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി വി അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രി ആര്‍ എസ്എസുമായും രാജ്യത്തെ ഭീകരവാദികളുമായും ചേര്‍ന്ന് ഒരു സമൂഹത്തെയാകെ അപരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്നും അന്‍വര്‍ തുറന്നടിച്ചു.