CrimeNEWS

തൃശ്ശൂരിലെ സ്വര്‍ണക്കവര്‍ച്ച: മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് DYFI നേതാവിന്റെ പേരിലുള്ള കാര്‍

തൃശ്ശൂര്‍: ദേശീയപാതയില്‍ കാര്‍ തടഞ്ഞ് രണ്ടരക്കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതി ഉപയോഗിച്ചിരുന്നത് തിരുവല്ലയിലെ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിന്റെ കാര്‍. കേസിലെ മുഖ്യപ്രതിയായ റോഷന്‍ വര്‍ഗീസാണ് ഡി.വൈ.എഫ്.ഐ. തിരുവല്ല ടൗണ്‍ വെസ്റ്റ് മേഖല കമ്മിറ്റി അംഗമായ ഷാഹുല്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ള കാര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നത്. ഈ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദേശീയപാത കല്ലിടുക്കില്‍ സിനിമാസ്‌റ്റൈലില്‍ കാര്‍ തടഞ്ഞ് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ റോഷന്‍ അടക്കമുള്ള അഞ്ച് പ്രതികളെ കഴിഞ്ഞദിവസമാണ് തൃശ്ശൂര്‍ പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും സമാനസംഭവങ്ങളില്‍ പ്രതിയായ റോഷന്‍ വര്‍ഗീസാണ് തൃശ്ശൂരിലെ കവര്‍ച്ചയുടെയും മുഖ്യസൂത്രധാരന്‍. തുടര്‍ന്നാണ് ഇയാള്‍ ഉപയോഗിച്ചിരുന്ന പജീറോ കാറും തിരുവല്ലയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഈ കാര്‍ ഷാഹുല്‍ ഹമീദിന്റെ പേരിലുള്ളതായിരുന്നു. ഇതോടെ ഷാഹുല്‍ ഹമീദും റോഷനും തമ്മിലുള്ള ബന്ധവും ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. വാഹന കച്ചവടക്കാരന്‍ കൂടിയായ ഇയാളെ ചോദ്യംചെയ്യാനായി വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

Signature-ad

കഴിഞ്ഞ ബുധനാഴ്ചയാണ് സ്വര്‍ണം തട്ടിയെടുത്തത്. തൃശ്ശൂര്‍ കിഴക്കേക്കോട്ട നടക്കിലാല്‍ അരുണ്‍ സണ്ണി, സുഹൃത്ത് ചാലക്കുടി കോട്ടാത്തുപറമ്പില്‍ റോജി തോമസ് എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടരക്കിലോ സ്വര്‍ണം കവരുകയായിരുന്നു. മൂന്നു കാറുകളിലായി എത്തിയ 11 അംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.

ഒന്നാംപ്രതി റോഷന്‍ വര്‍ഗീസിന് തിരുവല്ല, ചങ്ങനാശ്ശേരി, ചേര്‍ത്തല സ്റ്റേഷനുകളിലായി 22 കേസുകളും ഷിജോ വര്‍ഗീസിന് തിരുവല്ല, കോട്ടയം, ഗാന്ധിനഗര്‍ സ്റ്റേഷനുകളിലായി ഒന്‍പത് കേസുകളും സിദ്ദിഖിന് മതിലകം, കൊടുങ്ങല്ലൂര്‍, മൂവാറ്റുപുഴ സ്റ്റേഷനുകളിലായി എട്ട് കേസുകളും നിഷാന്തിന് കൊണ്ടോട്ടി സ്റ്റേഷനില്‍ ഒരു കേസും നിഖില്‍നാഥിന് മതിലകം, കാട്ടൂര്‍, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളിലായി 12 കേസുകളും നിലവിലുണ്ട്. കവര്‍ച്ചയുടെ പ്രധാന സൂത്രധാരന്‍ റോഷന്‍ വര്‍ഗീസാണെന്നും കര്‍ണാടകയിലും കേരളത്തിലും തമിഴ്‌നാട്ടിലും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള ആളാണെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: