തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി ആര്‍എസ്എസ് നേതാവ് എ ജയകുമാര്‍. കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എഡിജിപി ആര്‍എസ്എസിന്റെ അധികാരിയെ കാണാന്‍ വരുന്നത് . ഇന്ന് സര്‍വീസില്‍ തുടരുന്ന എത്രയോ ഐപിഎസുകാരും , ഐഎഎസുകാരും, എന്തിനേറെ ചീഫ് സെക്രട്ടറിമാര്‍ വരെ ആര്‍എസ്എസ് നേതൃത്വവുമായി സ്വകാര്യ സംഭാഷണങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരാണെന്ന് എ ജയകുമാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
‘സ്വകാര്യ സംഭാഷണങ്ങളില്‍ പങ്കെടുത്തിട്ടുള്ള നിരവധി പേര്‍ ആര്‍എസ്എസ് കാര്യാലയങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവരാണ് . ഇവരുമായുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ നാടിന്റെ ഉയര്‍ച്ചക്കും നാട്ടുകാരുടെ വളര്‍ച്ചക്കും വേണ്ടി ആര്‍എസ്എസ് ന്റെ പങ്കു നിര്‍വഹിക്കാനുള്ള ഭാവാത്മക ചര്‍ച്ചകളാണ് നടക്കുക. ആര്‍എസ്എസിലെ മുതിര്‍ന്ന അധികാരികളെ , പൊതു പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും കാണുന്നതും, ആശയങ്ങള്‍ പങ്കിടുന്നതും , സംശയങ്ങള്‍ ദൂരീകരിക്കുന്നതും ആര്‍എസ്എസ് തുടങ്ങിയ കാലം മുതല്‍ ഉള്ള ഒരു സംവിധാനം ആണെന്നും’ ജയകുമാര്‍ പറയുന്നു.
‘എന്റെ പൊതു ജീവിതത്തില്‍ ഞാന്‍ ചെന്നു കണ്ടവരുടെയും, എന്നെ വന്നു കണ്ടവരുടെയും ,എന്നൊടൊപ്പം വന്ന് സംഘ അധികാരികളെ കണ്ട മറ്റു ഉദ്യോഗസ്ഥന്മാരുടെയും ലിസ്റ്റ് തെരഞ്ഞുപോയാല്‍ അതില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും , മത വിഭാഗങ്ങളിലും പെടുന്ന നൂറു കണക്കിനു നേതാക്കള്‍ ഉണ്ടാകും . അതിനൊക്കെ എനിക്കു നോട്ടീസ് അയക്കാന്‍ തുടങ്ങിയാല്‍ ഇതിനായി ഒരു പുതിയ ഡിപ്പാര്‍ട്ടുമെന്റ് തന്നെ സര്‍ക്കാര്‍ ആരംഭിക്കേണ്ടി വരുമെന്നും’ ജയകുമാര്‍ അഭിപ്രായപ്പെട്ടു.
‘ഭാവനാ സമ്പന്നരും ക്രിയാശേഷിയുള്ളവരും ആയ നിസ്വാര്‍ത്ഥരായ ഉദ്യോഗസ്ഥരും പൊതു പ്രവര്‍ത്തകരും എല്ലാ കാലത്തും ആര്‍എസ്സ് എസ്സുമായി സംവദിച്ചിരുന്നു. അത് തുടരുകയും ചെയ്യും. ചാനലുകള്‍ കാണുമ്പോഴാണ് , ഡിജിപി ഓഫിസില്‍ നിന്നും ആര്‍എസ്എസ് നേതാവ് എ ജയകുമാറിന് നോട്ടീസ് അയച്ച കാര്യം അറിയുന്നത്. നോട്ടീസ് കിട്ടിയാലും ഇല്ലെങ്കിലും, കൂടിക്കാഴ്ചകളിലെ അന്തസ്സാരം വഴിയേ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടോളും’ എന്നും ജയകുമാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.