NEWSWorld

എന്നാ ഒരു മുടിഞ്ഞ ചെലവാ! ഭീമന്‍ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയയ്ക്കാനൊരുങ്ങി ഫിന്‍ലന്‍ഡ് മൃഗശാല

ഹെല്‍സിങ്കി: കോടികള്‍ മുടക്കി ചൈനയില്‍ നിന്ന് എത്തിച്ച രണ്ട് ഭീമന്‍ പാണ്ടകളെ തിരിച്ചയക്കാന്‍ ഒരുങ്ങി ഫിന്‍ലന്‍ഡ്. പരിപാലന ചെലവ് താങ്ങാനാവാതെയാണ് പാണ്ടകളെ തിരിച്ചയക്കുന്നത്. ഇതിനകം 88 കോടി രൂപ പാണ്ടകള്‍ക്കായി മൃഗശാല ചെലവഴിച്ചു കഴിഞ്ഞു.

2018 ജനുവരിയിലാണ് ലൂമി, പൈറി എന്ന് പേരിട്ട രണ്ട് പാണ്ടകളെ ചൈനയില്‍ നിന്ന് ഫിന്‍ലന്‍ഡിലെ അഹ്താരി മൃഗശാലയിലേക്ക് കൊണ്ടുവന്നത്. പാണ്ടകള്‍ക്ക് സൗകര്യം ഒരുക്കാന്‍ 8 ദശലക്ഷം യൂറോ (ഏകദേശം 74 കോടി രൂപ) മാറ്റിവച്ചു. മൃഗശാല അതോറിറ്റി 1.5 ദശലക്ഷം യൂറോ (ഏകദേശം 14 കോടി രൂപ) ചെലവഴിച്ചു. ഇതുകൂടാതെ മൃഗശാല അധികൃതര്‍ എല്ലാ വര്‍ഷവും സംരക്ഷണ ഫീസും നല്‍കണം.

Signature-ad

മൃഗസംരക്ഷണത്തിനായി ഫിന്‍ലന്‍ഡ് ചൈനയുമായി സംയുക്ത കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ലൂമിയെയും പൈറിയെയും മൃഗശാലയിലേക്ക് കൊണ്ടുവന്നത്. ആ സമയത്ത് കരാര്‍ ചര്‍ച്ച ചെയ്യാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഫിന്‍ലന്‍ഡ് സന്ദര്‍ശിച്ചിരുന്നു. കരാര്‍ പ്രകാരം 15 വര്‍ഷത്തേക്കാണ് പാണ്ടകളെ കൈമാറിയത്. ചൈനയിലേക്ക് തിരിച്ചയക്കും മുന്‍പ് പാണ്ടകളെ ഒരു മാസത്തെ ക്വാറന്റൈനില്‍ സൂക്ഷിക്കും. നവംബറില്‍ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം.

സെന്‍ട്രല്‍ ഫിന്‍ലാന്റിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് അഹ്താരി മൃഗശാല. കൂടുതല്‍ സന്ദര്‍ശകരെയും വിദേശ വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ പാണ്ഡകളുടെ വരവ് സഹായിക്കുമെന്ന് മൃഗശാല അധികൃതര്‍ പ്രതീക്ഷിച്ചു. എല്ലാം നന്നായി ആരംഭിച്ചു. പക്ഷേ കൊവിഡ് വ്യാപനം എല്ലാം തകിടം മറിച്ചു. കടം കുമിഞ്ഞുകൂടിയയതോടെയാണ് ഭീമന്‍ പാണ്ടകളെ സമയമാകും മുന്‍പ് ചൈനയ്ക്ക് തിരികെ നല്‍കാന്‍ മൃഗശാല അധികൃതര്‍ തീരുമാനിച്ചത്. ധനസഹായം ആവശ്യപ്പെട്ട് മൃഗശാല അധികൃതര്‍ ഫിന്‍ലന്‍ഡ് സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടാവാത്ത സാഹചര്യത്തിലാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: