തമിഴ്ചലച്ചിത്ര സംവിധായകന്‍ മോഹന്‍ ജിയെ തിരുച്ചിറപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തില്‍ നിന്ന് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന പഞ്ചാമൃതത്തില്‍ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേര്‍ക്കുന്നുണ്ട് എന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദ ലഡുവില്‍ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദത്തെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോഴാണ് മോഹന്റെ വിവാദ പരാമര്‍ശം.
പഴയ വണ്ണാറപ്പേട്ടൈ, ദ്രൗപതി, രുദ്രതാണ്ഡവം, ബകാസുരന്‍ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനാണ് മോഹന്‍ജി.
‘’പഞ്ചാമൃതത്തില്‍ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേര്‍ക്കുന്നുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഈ വാര്‍ത്ത മുമ്പ് മറച്ചുവെയ്ക്കുകയായിരുന്നു. അതിനിടയാക്കിയ പഞ്ചാമൃതം പിന്നീട് നശിപ്പിക്കുകയും ചെയ്തു. നമ്മള്‍ തെളിവുകളില്ലാതെ സംസാരിക്കരുത്. പക്ഷേ, ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. ജനന നിയന്ത്രണ ഗുളികകള്‍ ഹിന്ദുക്കള്‍ക്കുമേലുള്ള ആക്രമണമാണെന്ന് അവിടെ ജോലിചെയ്യുന്നവര്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്…’’
ഇതായിരുന്നു മോഹന്റെ വാക്കുകള്‍.
അഭിമുഖത്തിന്റെ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിച്ചതോടെ സംവിധായകനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. പിന്നാലെയാണ് അറസ്റ്റ്.