ബെംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസില്‍ തന്നെ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരേ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിഡ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിദ്ധരാമയ്യയെ വിചാരണചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോത് നേരത്തേ അനുമതി നല്‍കിയിരുന്നു. മലയാളിയായ അഴിമതിവിരുദ്ധപ്രവര്‍ത്തകന്‍ ടി.ജെ. അബ്രാഹം ഉള്‍പ്പെടെ മൂന്നുപേര്‍ നല്‍കിയ പരാതികളിലായിരുന്നു നടപടി. ഇതോടെ സിദ്ധരാമയ്യയുടെ പേരില്‍ കോടതിക്കോ അന്വേഷണ ഏജന്‍സിക്കോ കേസെടുക്കാന്‍ സാധിക്കും. ഇത് ചോദ്യംചെയ്തുകൊണ്ടാണ് സിദ്ധരാമയ്യ കോടതിയെ സമീപിച്ചത്.
ഗവര്‍ണര്‍ നേരത്തേ സിദ്ധരാമയ്യയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ആരോപണം തള്ളിയ കോണ്‍ഗ്രസ് സിദ്ധരാമയ്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പരാതി തള്ളിക്കളയണമെന്ന് മന്ത്രിസഭായോഗം ചേര്‍ന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് അവഗണിച്ചായിരുന്നു ഗവര്‍ണറുടെ നടപടി.
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് ‘മുഡ’ മൈസൂരുവില്‍ 14 പാര്‍പ്പിടസ്ഥലങ്ങള്‍ അനുവദിച്ചുനല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. ഭാര്യാസഹോദരന്‍ മല്ലികാര്‍ജുന്‍ വാങ്ങി പാര്‍വതിക്കുനല്‍കിയതാണ് 3.16 ഏക്കര്‍ ഭൂമി. ഇത് ‘മുഡ’ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാര്‍പ്പിടസ്ഥലങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് പരാതി.
2014-ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാര്‍വതി ‘മുഡ’യില്‍ അപേക്ഷ നല്‍കിയത്. 2022 ജനുവരി അഞ്ചിനാണ് പാര്‍പ്പിടസ്ഥലങ്ങള്‍ കൈമാറിയത്. സിദ്ധരാമയ്യയുടെ സ്വാധീനമുപയോഗിച്ചാണ് ഇവ നേടിയതെന്നും സര്‍ക്കാര്‍ ഖജനാവിന് ഇതുവഴി 55.8 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ടി.ജെ. അബ്രാഹം നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.