CrimeNEWS

ലൈംഗീകപീഡനക്കേസില്‍ മുകേഷ് അറസ്റ്റില്‍; ജാമ്യത്തില്‍ വിട്ടു

കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ നടനും എം.എല്‍.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ 1.15 വരെ നീണ്ടു. വടക്കാഞ്ചേരി പോലീസും മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

Signature-ad

ലൈംഗിക പീഡന പരാതികളിന്മേല്‍ നേരത്തെ തന്നെ പരാതിക്കാരികളുടെ വിശദമായ മൊഴിയടക്കം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. കൂടാതെ പ്രാഥമിക വിവരശേഖരണവും അന്വേഷണസംഘം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുന്നത്. അതേസമയം, മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള ഹര്‍ജിയില്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള ഏഴ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. 2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. 13 വര്‍ഷം മുന്‍പ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ മുകേഷ് മോശമായി പെരുമാറിയെന്നാണ് ആക്ഷേപവുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു.

നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടയില്‍ മുകേഷ് കയറി പിടിച്ചുവെന്ന നടിയുടെ മൊഴി അന്വേഷണസംഘം വടക്കാഞ്ചേരി പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി പോലീസ് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: