തൃശ്ശൂര്‍: ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന ചടങ്ങില്‍ കാണികളെ നിര്‍ബന്ധിപ്പിച്ച് കൈയടിപ്പിക്കേണ്ടെന്ന് അനൗണ്‍സര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ആയിരുന്നു അനൗണ്‍സര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
മാറ്റാംപുറത്തായിലരുന്നു ചടങ്ങ് നടന്നത്. കോര്‍പ്പറേഷന്റെ ജീവനക്കാരനെയാണ് ചടങ്ങില്‍ അനൗണ്‍സറായി നിയോഗിച്ചത്. എട്ടുവര്‍ഷമായി ഞാനാണ് സ്ഥിരം അനൗണ്‍സറെന്നും ആ ഭാഗ്യം വീണ്ടും ഈ ചടങ്ങിലും കിട്ടിയെന്നും പറഞ്ഞായിരുന്നു തുടക്കം. മേയര്‍ തന്റെ സുഹൃത്താണെന്നും ഈ ചടങ്ങ് കേരളത്തിലെ ചരിത്രസംഭവമാണെന്നും അനൗണ്‍സര്‍ അറിയിച്ചുകൊണ്ടിരുന്നു.
എന്നാല്‍, അനൗണ്‍സര്‍ അതിരുവിട്ടപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടു. ഇവിടെ ആരെയും നിര്‍ബന്ധിപ്പിച്ച് കൈയടിപ്പിക്കേണ്ടെന്നും ഇത് നമ്മള്‍ അവര്‍ക്കു കൊടുക്കുന്ന സമ്മാനമല്ലേ, അതില്‍ സന്തോഷിച്ച് അവര്‍ സ്വയം കൈയടിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സദസില്‍ കൈയടികള്‍ ഉയര്‍ന്നു.