KeralaNEWS

ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തുടരുന്നു; മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കുന്നതില്‍ ഇന്ന് തീരുമാനത്തിന് സാധ്യത

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് മുന്‍പില്‍ നിലവില്‍ തടസങ്ങളില്ല.

കേരള അനാട്ടമി ആക്ടും ഹൈക്കോടതി ഉത്തരവും അനുസരിച്ച് മൃതദേഹം ഏറ്റെടുക്കാന്‍ മെഡിക്കല്‍ കോളജിന് കഴിയും. മൃതദേഹം കൈമാറുന്നതില്‍ അനാട്ടമി ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷണവും വ്യക്തമാക്കുന്നത്.

Signature-ad

പഠനാവശ്യങ്ങള്‍ക്ക് മൃതദേഹം വിട്ടുനില്‍ക്കുമ്പോള്‍ രേഖാമൂലമുള്ള സമ്മതം ആവശ്യമുണ്ടോ എന്നതാണ് കോടതി പ്രധാനമായി പരിഗണിച്ചത്. എന്നാല്‍ കേരള അനാട്ടമി ആക്ട് പ്രകാരം രേഖാമൂലമുള്ള സമ്മതം നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതായത് ജീവിച്ചിരിക്കുന്ന സമയത്ത്, ഒരാള്‍ രണ്ടോ അതിലധികമോ ആളുകളോട് തന്റെ ശരീരം വിട്ടുനല്‍കാന്‍ താല്പര്യം ഉണ്ടെന്ന് വാക്കാല്‍ പറഞ്ഞാല്‍ മതിയാകുമെന്നും രേഖാമൂലമുള്ള സമ്മതപത്രം ആവശ്യമില്ലെന്നും കേരള അനാട്ടമി ആക്ടിലെ സെക്ഷന്‍ 4അ പ്രകാരമുള്ള നിയമസാധുത കോടതിയും ചൂണ്ടിക്കാട്ടി. എന്നാല്‍, മക്കളില്‍ ഒരാള്‍ വിയോജിപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യം കൂടി പരിശോധിച്ചു തീരുമാനമെടുക്കാനാണ് കോടതി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

അതായത് അനാട്ടമി ആക്ട് പ്രകാരം മെഡിക്കല്‍ കോളജിന് മൃതദേഹം ഏറ്റെടുക്കാന്‍ കഴിയും. നിയമവശങ്ങള്‍ പരിശോധിച്ചത് പ്രകാരം ഇതിന്റെ നിയമ സാധുത ആശ ലോറന്‍സിനെ ബോധ്യപ്പെടുത്തേണ്ടത് മാത്രമാണ് ഇനി ബാക്കിയുള്ളത്. വീണ്ടും നിയമ വ്യവഹാരത്തിലേക്ക് കടന്നില്ലെങ്കില്‍, എത്രയും വേഗം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് പഠനാവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താനാകും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: