KeralaNEWS

കാന്റീന്‍ എന്നു കരുതി പൊലീസ് സ്റ്റേഷനിലെത്തി ഓണസദ്യ ഉണ്ടു; പരിപ്പ് ചോദിച്ചതിന് കുനിച്ച് നിര്‍ത്തി കൂമ്പിനിടിച്ചു!

കോട്ടയം: പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ സദ്യയുണ്ടെന്നറിഞ്ഞ് ഉണ്ണാനെത്തിയ യുവാവിന് മര്‍ദനമേറ്റതായി പരാതി. ചങ്ങനാശേരി സ്വദേശിയായ സുമിത്താണ് എറണാകുളം നോര്‍ത്ത് പറവൂര്‍ പൊലീസിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. മര്‍ദിച്ച ശേഷം ബലം പ്രയോഗിച്ച് സദ്യ കഴിക്കാന്‍ ഇരുത്തിയെന്നും പരിപ്പ് കറി ചോദിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചുവെന്നുമാണ് ആരോപണം.

ഉത്രാട ദിനത്തിലായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനില്‍ കാന്റീന്‍ ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നത്. എല്ലാവരും മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. അതിനാല്‍ തന്നെ അവര്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും യുവാവ് പറയുന്നു. മണമില്ലാത്ത വസ്തുവാണോ കുടിച്ചതെന്ന് ചോദിച്ച് മര്‍ദിച്ചതായും പിന്നാലെ പൊലീസുകാര്‍ നിര്‍ബന്ധിച്ച് സദ്യ കഴിപ്പിച്ചെന്നും സുമിത്ത് ആരോപിക്കുന്നു.

Signature-ad

മര്‍ദനത്തില്‍ അവശനായതോടെ സുമിത്തിനെ പൊലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇസിജി പരിശോധനയില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തിയതോടെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും കൂട്ടാക്കിയില്ല. ഇതിനിടയില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായും സുമിത്ത് പറയുന്നു. രണ്ട് ദിവസത്തിന് ശേഷം പൊലീസ് സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ നല്‍കി. മാത്രമല്ല, മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് തനിക്കെതിരെ കേസെടുത്തതായും സുമിത്ത് പറയുന്നു. എന്നാല്‍, ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

 

Back to top button
error: