തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് കണ്ടാല്‍ പരാതിപ്പെടാന്‍ ഒറ്റ നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍. നിയമലംഘനം അറിയിക്കുന്നവര്‍ക്ക് കൈനിറയെ സമ്മാനങ്ങളുമുണ്ട്.
സ്വച്ഛത ഹി സേവാ 2024 ക്യാമ്പയിന്റെ സംസ്ഥാനതല ലോഞ്ച് നിര്‍വഹിക്കവെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ആണ് പുതിയ വാട്സ് ആപ്പ് നമ്പര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതുവരെ വ്യത്യസ്ത നമ്പറുകളായിരുന്നു മാലിന്യം തള്ളിയവര്‍ക്കെതിരെ പരാതിപ്പെടാന്‍ ഉണ്ടായിരുന്നത്. ഇതെല്ലാം ഏകീകരിച്ചിരിക്കുന്നു ഇപ്പോള്‍ തദ്ദേശ വകുപ്പ്.
പൊതുസ്ഥലങ്ങളില്‍ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്‍ക്കെതിരെ പരാതി നല്‍കുവാനും ഇനി 9446700800 എന്ന വാട്സ് ആപ്പ് നമ്പര്‍ ഉപയോഗിക്കാം. സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളും ഇതോടെ 9446700800 എന്ന നമ്പര്‍ വഴി മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിക്ക് കീഴില്‍ ഏറെ ജാഗ്രവത്താവും.
പരാതികള്‍ വീഡിയോകളായും ചിത്രങ്ങളായും വാട്സ് ആപ്പ് നമ്പരിൽ അറിയിക്കാം. പൊതു വാട്സ് ആപ്പ് നമ്പര്‍ എന്നത് ഒരു സോഷ്യല്‍ ഓഡിറ്റ് ആയി കൂടി പ്രവര്‍ത്തിക്കും.
വാട്സ് ആപ്പ് നമ്പറിലൂടെ പരാതികള്‍ അറിയിക്കുന്നവര്‍ക്ക് നിയമലംഘനത്തില്‍ ഈടാക്കിയ പിഴയുടെ 25 ശതമാനം ലഭുക്കും എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പരമാവധി 2500 രൂപയായിരിക്കും ഇങ്ങനെ പാരിതോഷികമായി നല്‍കുക. മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പര്‍ അറിയുമെങ്കില്‍ അവയും ഒപ്പം ഫോട്ടോകളും സഹിതമാണ് പരാതികള്‍ അറിയിക്കേണ്ടത്. ലൊക്കേഷന്‍ വിശദാംശങ്ങളും ഇതോടൊപ്പം നല്‍കാം.
മാലിന്യ മുക്ത കേരളത്തിനായി പൊതുജനങ്ങളെ അണിചേര്‍ത്ത് പുതു ചുവട് വയ്പ്പിനാണ് സര്‍ക്കാര്‍ ഇതുവഴി തുടക്കം കുറിച്ചിരിക്കുന്നത്.