KeralaNEWS

പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന അതികഠിനമായ നീര്‍ക്കെട്ട്; 20കാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

കൊച്ചി: ചികിത്സ തേടിയെത്തിയ ഇരുപത് വയസ്സുള്ള രോഗിയില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ഒരാഴ്ചയായുള്ള പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണഗതിയില്‍ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ മറ്റു പരിശോധനകള്‍ക്ക് വിധേയമായി. ഇതോടെ പല അവയവങ്ങളെയും ഒരേസമയത്ത് ബാധിക്കുന്ന അതികഠിനമായ നീര്‍ക്കെട്ട് രോഗിക്കുള്ളതായി കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ആണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മരുന്നിനോട് നന്നായി പ്രതികരിച്ച രോഗി ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Signature-ad

എച്ച്എല്‍എച്ച് സിന്‍ഡ്രോം എന്ന അപൂര്‍വ്വമായ ഈ പ്രതിഭാസം രക്താര്‍ബുദത്തിലും മറ്റു പലതരം അര്‍ബുദങ്ങളിലും കാണാറുണ്ട്. എന്നാല്‍ ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചികിത്സയ്ക്ക് പ്രൊഫ. ഡോ. എം എബ്രഹാം ഇട്ടിയച്ചന്‍ നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: