ആലപ്പുഴ: ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി അച്ഛനും മകളും മരിച്ചു. വള്ളിക്കുന്നം സ്വദേശി സത്താര്‍, മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലായിരുന്നു അപകടം. ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്.
ഏറെനാളായി വിദേശത്തായിരുന്ന സത്താര്‍ മകള്‍ ആലിയയുടെ വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവും അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടത്തില്‍ കാര്‍ ഏറക്കുറെ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം, തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തൃപ്രയാര്‍ സെന്ററിനടുത്ത് യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കണ്ടെയ്നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നുപുലര്‍ച്ചെ രണ്ടുമണിയോടെ ചാവക്കാട് കൊടുങ്ങല്ലൂര്‍ ദേശീയപാത 66ല്‍ വി.ബി. മാളിന് സമീപമായിരുന്നു അപകടം. വലപ്പാട് കോതകുളം ബീച്ച് സ്വദേശിയാണ് ആശീര്‍വാദ്, വലപ്പാട് മാലാഖ വളവ് സ്വദേശിയാണ് ഹാഷിം എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാരും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. യുവാക്കളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.