NEWSWorld

ചിതറിയ ശരീര ഭാഗങ്ങള്‍! കിടക്കാനിടമില്ലാത്ത ആശുപത്രികള്‍; ഇനി പൊട്ടിത്തെറിക്കുന്നത് ഫ്രിഡ്‌ജോ ടീവിയെയോ മൊബൈലോ എന്നറിയാതെ എല്ലാം വലിച്ചെറിയുന്ന മനുഷ്യര്‍…

ബെയ്റൂത്ത്: ലോകം ഇന്നേവരെ കണ്ടതില്‍ വെച്ച് സമാനതകള്‍ ഇല്ലാത്ത ആക്രമണ രീതിയാണ് ഇസ്രായേല്‍ ലെബനനില്‍ ഹിസ്ബുള്ളയെ നേരിടാന്‍ പ്രയോഗിച്ചത്. പേജറുകള്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വോക്കിടോക്കികളും പോക്കറ്റ് റേഡിയോകളും സോളാര്‍ സിസ്റ്റവും അടക്കം പൊട്ടിത്തെറിച്ചതോടെ ലെബനീസ് ജനത അതീവ ഭീതിതമായ അവസ്ഥയിലാണ്. എതിരാളികളുടെ മനസ്സുകളില്‍ പോലും ഭയം നിറഞ്ഞ് അവരെ നിര്‍വീര്യരാക്കുക എന്ന തന്ത്രമാണ് മൊസാദ് പയറ്റിയതെന്നാണ് യുദ്ധരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അക്കാര്യത്തില്‍ അവര്‍ ഇതിനോടകം വിജയിച്ചു കഴിഞ്ഞു എന്നാണ് ആ ജനതയുടെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.

അടുത്ത് പൊട്ടിത്തറിക്കുന്നത് എന്താണ്? ഫ്രിഡ്ജ് ആണോ ടിവിയാണോ മൊബൈല്‍ ഫോണ്‍ ആണോ … ഭീതിയിലാണ് ലബനന്‍ ജനത. എല്ലാം വലിച്ചെറിയുകയാണവര്‍. ബെയ്‌റൂട്ടിലെ തെരുവുകളില്‍ കാണുന്ന ജനങ്ങളുടെ എല്ലാം കണ്ണുകളില്‍ ഭീതിയാണ്. പടക്കം പൊട്ടുന്നതിന് സമാനമായി പോക്കറ്റുകളില്‍ കിടന്ന പേജറുകള്‍ ആദ്യം പൊട്ടി. പിന്നാലെ പേജര്‍ സ്ഫോടനത്തില്‍ മരിച്ചവരെ അടക്കം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ അവിടെ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു. ആദ്യ സ്ഫോടനത്തിന്റെ ഷോക്ക് മാറുന്നതിന് മുമ്പ് അടുത്ത ഭയത്തിലേക്ക് ജനങ്ങളെ എടുത്തെറിയപ്പെചട്ടിരിക്കയാണ്. ഇപ്പോള്‍ ഇലക്ട്രോണിക് വസ്തുക്കളെ ഭയപ്പാടോടെയാണ് ലെബനീസ് ജനത നോക്കിക്കാണുന്നത്.

Signature-ad

അതിഭീകരമായിന്നു ലെബനീസ് തെരുവുകളില്‍ കഴിഞ്ഞ ദിവസം കണ്ട കാഴ്ച്ചകള്‍. ചിതറിയ ശരീരഭാഗങ്ങള്‍, പുറത്തേക്ക് തെറിച്ചു നില്‍ക്കുന്ന കണ്ണുകള്‍, കിടക്കാന്‍ പോയിട്ട് ഒന്ന് നില്‍ക്കാന്‍ പോലും കഴിയാത്ത ആശുപത്രികള്‍–ഭയാനകമാണ് ഇവിടുത്തെ ഓരോ നിമിഷവും. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30 മുതല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് അക്ഷരാര്‍ത്ഥത്തില്‍ ലബനന്‍ നിന്ന് കത്തുകയായിരുന്നു.

ആയിരക്കണക്കിന് പേജറുകള്‍ ഒന്നിച്ച് പൊട്ടിത്തെറിക്കുന്ന ഭീതിജനകമായ ദൃശ്യങ്ങള്‍. തുടര്‍ന്ന് ഇന്നലെ കൊല്ലപ്പെട്ടവരുടെ ശവസംസ്‌ക്കാര വേളയില്‍ വീക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് വീണ്ടും നിരവധി പേര്‍ കൊല്ലപ്പെട്ടത് എല്ലാം ഹിസ്ബുള്ള എന്ന തീവ്രവാദ സംഘടനക്ക് പ്രവര്‍ത്തിക്കാന്‍ വളക്കൂറ് ഒരുക്കിയ മണ്ണിലെ സാധാരണക്കാരായ ജനങ്ങളെ അമ്പരപ്പിലാക്കി. ബെയ്‌റൂട്ടിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഹസന്‍ ഹര്‍ഫൗഷ് ഒരു വിദേശ മാധ്യമത്തോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ലബനന്‍ ജനത എത്രത്തോളം ഭയപ്പെട്ടാണ് ഈ ദിവസങ്ങളില്‍ കഴിഞ്ഞ് കൂടുന്നത് എന്നതിന്റെ തെളിവായി മാറുകയാണ്.

ബെയ്‌റൂട്ടില്‍ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട നാല് പേരുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുക ആയിരുന്നു ഹര്‍ഫൗഷും സഹപ്രവര്‍ത്തകരും. പെട്ടെന്നാണ് തുടര്‍ച്ചയായി സ്‌ഫോടന ശബ്ദം മുഴങ്ങുന്നത്. സ്ത്രീകള്‍ കൂട്ടത്തോടെ നിലവിളിച്ചു. സംസ്‌ക്കാര സ്ഥ്‌ലത്തേക്ക് മൃതദേഹങ്ങളും കൊണ്ട് വരികയായിരുന്ന ആംബുലന്‍സ് സ്‌ഫോടനത്തില്‍ കത്തുന്നത് അവര്‍ കണ്ടു. എന്നാല്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന ഹിസ്ബുള്ള നേതാക്കള്‍ ആകട്ടെ ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തിലായിരുന്നു നിന്നിരുന്നത്.

എന്നാല്‍ രണ്ടാം ഘട്ടം ആക്രമണം ആരംഭിക്കുകയാണെന്ന് തങ്ങള്‍ക്ക് മനസിലായെന്ന് ഹര്‍ഫൗഷ് വെളിപ്പെടുത്തി. തുടര്‍ന്ന് വാക്കിടോക്കികളും പോക്കറ്റ് റേഡിയോകളും പൊട്ടിത്തെറിക്കുന്ന കാഴ്ചയാണ് അവര്‍ കണ്ടത്. ലബനനില്‍ നേരത്തേയും ഇത്തരം പല ആക്രമണങ്ങളും താന്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഭീകരാക്രമണം ഇതാദ്യമായിട്ടാണ് കാണുന്നത് എന്നാണ് ഫര്‍ഹൗഷ് പറയുന്നത്. ബെയ്‌റൂട്ട് നഗരമാകെ ഭീതിയുടെ പിടിയിലാകാന്‍ പിന്നെ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ.

പിന്നീട് വാട്‌സ് ആപ്പുകളിലൂടെ സന്ദേശങ്ങള്‍ നിരന്തരമായി പരക്കാന്‍ തുടങ്ങി. സോളാര്‍ പാനല്‍, ബാറ്ററി, ഫ്രിഡ്ജ് തുടങ്ങി എന്തും പൊട്ടിത്തെറിക്കാം എന്നായിരുന്നു പല സന്ദേശങ്ങളിലും ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതായി പലരും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ചിലരാകട്ടെ തീപിടുത്തം ഉണ്ടായാല്‍ അത് അണയ്ക്കുന്നതിനായി അഗ്നിശമന യന്ത്രങ്ങള്‍ വാങ്ങാന്‍ ഓട്ടമായി. ബെയ്‌റൂട്ടിലെ ഒരാശുപത്രിയില്‍ താന്‍ കണ്ട കാഴ്ചകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നാണ് ഹര്‍ഫൗഷ് പറയുന്നത്. ഒരു മനുഷ്യന്റെ മുഖത്തെ മാംസമെല്ലാം ഇളകിയിട്ട് അവിടെ അസ്ഥികള്‍ മാത്രം അവശേഷിക്കുന്നു.

കൂടാതെ ഈ മനുഷ്യന് അപ്പോഴും ബോധമുണ്ട് എന്നതാണ് തന്നെ അത്ഭുതപ്പെടുത്തിയത് എന്നും ഹര്‍ഫൗഷ് ചൂണ്ടിക്കാട്ടുന്നു. ഭൂരിപക്ഷം പേര്‍ക്കും മുഖത്ത് ഗുരുതരമായി പരിക്കേറ്റത് കാരണം കാഴ്ച നഷ്ടപ്പെട്ട കാര്യവും ഡോക്ടര്‍മാര്‍ പറഞ്ഞു. അവയവങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണ് പലരേയും ആശുപത്രികളില്‍ എത്തിച്ചത്.

വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് 20 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെടുകയും, 2800 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ബുധനാഴ്ചത്തെ വാക്കി ടോക്കി ആക്രമണം. എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചുവെന്ന് വ്യക്തമായിട്ടില്ല. 450 പേര്‍ക്കാണ് പരിക്കേറ്റത്. ലബനന്‍ തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചത്. എത്രയെണ്ണം പൊട്ടിത്തെറിച്ചുവെന്നതടക്കം കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ലെന്ന് ലബനന്‍ മാധ്യമങ്ങള്‍ പറയുന്നു.

ഇസ്രായേല്‍ ഹാക്ക് ചെയ്യാനും നില്‍ക്കുന്ന സ്ഥലം കണ്ടെത്താനും സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ല അംഗങ്ങളോട് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് തായ്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയില്‍നിന്ന് ഹിസ്ബുല്ല പേജറുകള്‍ വാങ്ങി അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. തങ്ങളുടെ ബ്രാന്‍ഡ് നെയിമില്‍ ഹംഗറിയിലെ ബി.എ.സി കണ്‍സല്‍ട്ടിങ് എന്ന കമ്പനിയാണ് ഇത് നിര്‍മിച്ചതെന്ന് തായ്വാന്‍ കമ്പനി പ്രതികരിച്ചു.

പൊട്ടിത്തെറിച്ച പേജറുകളില്‍ നിര്‍മാണ ഘട്ടത്തില്‍തന്നെ മൂന്ന് ഗ്രാം സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം. ബാറ്ററിക്കുള്ളിലാണ് സ്ഫോടക വസ്തു ഒളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക സന്ദേശം അയച്ച് ഒരേസമയം പൊട്ടിത്തെറിക്കുന്ന വിധത്തിലെ ഓപറേഷന് പിന്നില്‍ ചുരുങ്ങിയത് മൂന്നുമാസത്തെ ആസൂത്രണമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

നേരത്തേ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരം പേജറുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത് ഹിസ്ബുല്ല തലവനായ ഹസന്‍ നസറുള്ളയാണ്. സ്മാര്‍ട്ട്ഫോണുകള്‍ വഴിയുള്ള സന്ദേശങ്ങളും മറ്റും ഇസ്രയേല്‍ പിടിച്ചെടുക്കുമെന്ന് ഭയന്നിട്ടാണ് നസറുള്ള ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് അയ്യായിരത്തോളം പേജറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നു.

ഈ വിവരം മണത്തറിഞ്ഞ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇടപെടലില്‍ ഈ പേജറുകളില്‍ അതീവ സ്ഫോടനശേഷിയുള്ള 3 ഗ്രാം രാസവസ്തുക്കള്‍ നിറയ്ക്കുന്നു. ഒരു കോഡ് അടക്കം ചെയ്തിട്ടുള്ള പെട്ടിയും ഇതില്‍ അവര്‍ ഒളിച്ചു വെച്ചിരുന്നു. ഒരു തരത്തിലുമുള്ള പരിശോധനകളില്‍ ഇവ കണ്ടെത്താനും കഴിയില്ലായിരുന്നു. മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ എല്ലാ പേജറുകളിലെയും സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ പേജറുകളില്‍ മൂന്ന് ഗ്രാം സ്‌ഫോടകവസ്തുവാണ് സൂക്ഷിച്ചതെന്നും മാസങ്ങളോളം ഇത് ഹിസ്ബുല്ലക്ക് കണ്ടെത്താന്‍ സാധിച്ചില്ലെന്നും ലബനനിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി.

ഒരു തെയ്്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോ എന്ന സ്ഥാപനത്തിനെയാണ് അവര്‍ ഇതിന്റെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഗോള്‍ഡ് അപ്പോളോ ഇപ്പോള്‍ പറയുന്നത് തങ്ങള്‍ ഇവ നിര്‍മ്മിക്കുന്നതിനുള്ള ഉപകരാര്‍ ഹംഗറിയിലെ ബുഡാപെസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.എ.സി കണ്‍സള്‍ട്ടിംഗ് എന്ന സ്ഥാപനത്തിന് നല്‍കിയെന്നാണ്. പേജറിലേക്ക് അലര്‍ട്ട് വന്നപ്പോള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ബട്ടന്‍ അമര്‍ത്തിയപ്പോഴും സ്ഫോടനം ഉണ്ടായി എന്നാണ് ഹിസ്ബുല്ല ചൂണ്ടിക്കാട്ടുന്നത്. ലബനനുമായി യുദ്ധം ഉണ്ടായാല്‍ മാത്രം പൊട്ടിക്കാന്‍ തയ്യാറാക്കിയിരുന്ന പേജറുകളാണ് പെട്ടെന്ന് തന്നെ സ്ഫോടനം നടത്താന്‍ ഇസ്രയേല്‍ തീരുമാനിച്ചത്. തങ്ങള്‍ പേജറുകളില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു എന്ന രഹസ്യം ചോര്‍ന്നതായി സംശയിച്ചതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ പെട്ടെന്ന് തന്നെ സ്ഫോടനം നടത്താന്‍ തീരുമാനിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: