KeralaNEWS

ദിലീപിനെ പൂട്ടാൻ സംസ്ഥാന സർക്കാർ: നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടിക്കൊണ്ടുപോകാനും കെട്ടുകഥകൾ ചമച്ച് തെളിവുകൾ അട്ടിമറിക്കാനും ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ

      നടിയെ ആക്രമിച്ച കേസിൽ അടിസ്ഥാനരഹിതമായ കെട്ടു കഥകൾ മെനഞ്ഞ് തെളിവുകൾ അട്ടിമറിക്കാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ ദിലീപിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കേസ് വിചാരണ നീട്ടിക്കൊണ്ടു പോകാൻ ദിലീപ് ശ്രമിക്കുന്നുവെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 7 മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു എന്ന് കേരളം ചൂണ്ടിക്കാട്ടി. സംവിധായകൻ ബാലചന്ദ്രകുമാറിനെ 35 ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധനായ ഡോ. സുനിലിനെ 21 ദിവസവും സൈബർ ഫോറൻസിക് വിദഗ്ദ്ധ ദീപ എ.എസിനെ 13 ദിവസവും ദിലീപിന്റെ അഭിഭാഷകർ വിസ്തരിച്ചു. കേസിലെ അതിജീവിതയെ 7 ദിവസം ദിലീപിന്റെ അഭിഭാഷകർ വിസ്തരിച്ചു എന്നും സുപ്രീംകോടതിയെ കേരളം അറിയിച്ചു.

Signature-ad

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ആദ്യ 6 പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു എന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. മിക്ക പ്രതികളും വിചാരണ സമയത്ത് സ്ഥിരമായി ഹാജരാകാറില്ല. ഇവരുടെ അവധി അപേക്ഷ കോടതിയിൽ ഫയൽ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.

കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ജാമ്യത്തിലിറങ്ങി പൾസർ സുനി മുങ്ങാൻ സാധ്യതയുണ്ടെന്നും കേരളം സത്യവാങ്മൂലത്തിൽ പറയുന്നു.

വിചാരണ നീണ്ടുപോകുന്നതിനാൽ ജാമ്യം തന്റെ അവകാശമണെന്ന പൾസർ സുനിയുടെ വാദത്തെയും കേരളം തള്ളുന്നു. ക്രൂരമായ ആക്രമണം ആണ് അതിജീവിതയ്ക്കുനേരെ ഉണ്ടായത്. കേരളത്തിൽ അപൂർവ്വമായി മാത്രമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളത്. ജാമ്യം അനുവദിക്കുന്നത് സുപ്രീം കോടതി പുറപ്പടുവിച്ചിട്ടുള്ള മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും അതിനാൽ ജാമ്യം ആവശ്യപ്പെട്ടുള്ള പൾസർ സുനിയുടെ ഹർജി തള്ളണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. പൾസർ സുനിയുടെ ജാമ്യഹർജി സുപ്രീം കോടതി നാളെ (ചൊവ്വ) പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: