LIFELife Style

എപ്പോഴും വഴക്ക് കൂടുന്നവര്‍ എങ്ങനെ പ്രേമിക്കുന്നെന്ന് വീട്ടുകാര്‍ പോലും ചിന്തിച്ചു! ബിജുവും സംയുക്തയും പറഞ്ഞത്

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍, മാതൃക ദമ്പതികള്‍ എന്നീ വിശേഷണങ്ങള്‍ ഏറ്റവും നന്നായി ചേരുന്ന മലയാളത്തിലെ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. ബോളിവുഡ് നടന്മാരെപോലെ മിനുമിനുത്ത മുഖമുള്ള ഒരാളെ കണ്ടുപിടിച്ച് തരണമെന്ന് ഇളയമ്മ ഊര്‍മിള ഉണ്ണിയോട് ആവശ്യപ്പെട്ടിരുന്നയാളാണ് സംയുക്ത. ഒടുവില്‍ മുഖത്ത് കട്ടത്താടിയും കട്ടി മീശയുമുള്ള ബിജുവിനെ സംയുക്ത തന്നെ കണ്ടെത്തി പ്രണയിച്ചു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത വിശ്വസിക്കാനേ കഴിഞ്ഞില്ലെന്ന് ഊര്‍മിള ഉണ്ണി തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നു.

വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച സംയുക്ത യോഗ പഠനവും മറ്റുമായി തിരക്കിലാണ്. വില്ലന്‍, സഹനടന്‍, നായകന്‍ തുടങ്ങി ഏത് റോളും കൈകാര്യം ചെയ്യുന്ന മുന്‍നിര നടനാണ് ഇന്ന് ബിജു മേനോന്‍. അഭിനയം നിര്‍ത്തിയശേഷം വളരെ വിരളമായി മാത്രമാണ് സംയുക്ത വര്‍മ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള ഒരു കപ്പിള്‍ ഇന്റര്‍വ്യു മഷിയിട്ട് നോക്കിയാല്‍ പോലും കാണാനാവില്ല.

Signature-ad

എന്നാല്‍ വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണത്തിന് ഇരുവരും ഒരുമിച്ച് മനോഹരമായ ഒരു അഭിമുഖം കൈരളി ടിവിക്ക് നല്‍കിയിരുന്നു. 22 വര്‍ഷങ്ങള്‍ക്കുശേഷം ആ പഴയ അഭിമുഖം തങ്ങളുടെ യുട്യൂബ് ചാനലിലൂടെ കൈരളി ടിവി വീണ്ടും പുറത്ത് വിട്ടു. നാല്‍പ്പത് മിനിറ്റോളം ദൈര്‍ഘ്യമുള്ള അഭിമുഖമാണെങ്കിലും മടുപ്പില്ലാതെ കണ്ട് തീര്‍ക്കാം. ഒട്ടും ഡിപ്ലോമാറ്റിക്കാവാതെയാണ് ഇരുവരും പ്രണയ കാലഘട്ടത്തെ കുറിച്ച് അടക്കം വിവരിച്ചത്.

ബിജു മേനോന്‍ പട്ടാളം സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തുള്ളതാണ് അഭിമുഖം. പ്രണയത്തിലായതെങ്ങനെയെന്ന് വിവരിച്ചുകൊണ്ടാണ് താരദമ്പതികള്‍ സംസാരിച്ച് തുടങ്ങിയത്. ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് ചന്ദ്രനുദിക്കുന്ന ദിക്കിലാണ്. അതും ഒരു സീന്‍ മാത്രമെ ഞങ്ങള്‍ക്ക് ഒരുമിച്ച് ഉണ്ടായിരുന്നുള്ളു. പക്ഷെ ആ സിനിമ റിലീസാകുന്നത് മുമ്പ് തന്നെ ഞങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ടോക്ക് വന്നു.

അതെങ്ങനെ വന്നുവെന്ന് അറിയില്ല. പിന്നെ മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകള്‍ ഒരുമിച്ച് ചെയ്തു. അപ്പോഴേക്കും ഇത് വലിയ ടോക്കായി. സെറ്റില്‍ അടക്കം സംസാരം വന്നു. അന്നൊന്നും ഞങ്ങളുടെ മനസില്‍ ഒന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല ഞങ്ങള്‍ അറിയാതെ ഞങ്ങള്‍ പറയുന്ന തരത്തില്‍ അഭിമുഖങ്ങള്‍ വന്നു. അത് കൂടിയായപ്പോള്‍ ആളുകള്‍ ശരിക്കും വിചാരിച്ചു ഞങ്ങള്‍ പ്രണയത്തിലാണെന്ന്.

അതുകൊണ്ട് തന്നെ ഞങ്ങള്‍ സെറ്റില്‍ ഭയങ്കര കോണ്‍ഷ്യസായിരുന്നു. സംസാരിക്കാന്‍ പറ്റില്ല. പരസ്പരം ഒന്ന് നോക്കിയാല്‍ തന്നെ എല്ലാവരും നമ്മളെ ശ്രദ്ധിക്കുന്നുണ്ടോയെന്ന തോന്നല്‍ വരും. സീന്‍സ് ചെയ്യുമ്പോള്‍ പോലും ഭയങ്കര റെസ്ട്രിക്ടഡായിരുന്നു. എവിടെയൊക്കയോ എങ്ങനെയൊക്കയോ എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞ് ബിജു മേനോന്‍ അവസാനിപ്പിച്ചു. ആദ്യമായി ബിജു മേനോനുമായി സംസാരിച്ച കഥ സംയുക്തയാണ് വിവരിച്ചത്.

ബിജു ചേട്ടന്‍ പ്രണയവര്‍ണ്ണങ്ങളില്‍ അഭിനയിച്ചശേഷം കോളജ് ഫങ്ഷന് വേണ്ടി ഞാന്‍ ക്ഷണിച്ചപ്പോള്‍ വരാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. അന്ന് ഞാന്‍ കൂട്ടുകാരോടൊക്കെ പറഞ്ഞു ബിജു മേനോന് ഭയങ്കര ജാഡയാണെന്ന്. പിന്നീട് ഞങ്ങള്‍ വിവാഹിതരായശേഷം അവരെ ഫെയ്‌സ് ചെയ്യാന്‍ എനിക്ക് മടിയായിരുന്നു. സാഹചര്യം കൊണ്ടാണല്ലോ നമ്മള്‍ പ്രേമിക്കുന്നത്.

ഒരുപക്ഷെ ബിജുവിനെ സാഹചര്യം കൊണ്ടാകും ഞാന്‍ പ്രേമിച്ചിട്ടുണ്ടാവുക. അടുത്തതിനുശേഷമാണ് അദ്ദേഹത്തിന്റെ ഒരുപാട് നല്ല ഗുണങ്ങള്‍ ഞാന്‍ മനസിലാക്കുന്നത്. രണ്ട് വര്‍ഷത്തോളം ഞങ്ങള്‍ പ്രേമിച്ചിട്ടുണ്ട്. ആദ്യം കണ്ടപ്പോള്‍ ബിജുവേട്ടന്റെ നെഗറ്റീവ് പോയിന്റ്‌സാണ് ഞാന്‍ കണ്ടത്. എല്ലാവരുടെയും വിചാരം ഞങ്ങള്‍ ഭയങ്കര പ്രേമമായിരുന്നുവെന്നാണ്.

എന്നാല്‍ പ്രേമിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ വഴക്ക് കൂടിയതുപോലെ വേറെ പ്രേമിക്കുന്നയാരും വഴക്ക് കൂടിയിട്ടുണ്ടാവില്ല. ഫോണില്‍ പോലും വഴക്ക് കൂടുന്ന ഞങ്ങള്‍ എങ്ങനെയാണ് പ്രേമിക്കുന്നതെന്ന് വീട്ടുകാര്‍ പോലും വിചാരിച്ചിട്ടുണ്ട്.

പക്ഷെ വിവാഹശേഷം വഴക്ക് കുറവാണെന്ന് സംയുക്ത പറഞ്ഞു. വിവാഹത്തിന് മുമ്പ് തങ്ങള്‍ പരസ്പരം നന്നായി മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ബിജു മേനോന്‍ കൂട്ടിച്ചേര്‍ത്തു. പ്രേമിക്കുന്ന സമയത്ത് ഞങ്ങള്‍ പരസ്പരം അടുത്ത് അറിഞ്ഞിട്ടുണ്ട്. കീനായി വാച്ച് ചെയ്യാനും പറ്റിയിട്ടുണ്ട്. ഫോണില്‍ സംസാരിക്കാന്‍ കിട്ടുന്നില്ലെന്നതായിരുന്നു സംയുക്തയുടെ പ്രധാന പരാതി. അതിന്റെ പേരിലാണ് വിവാഹത്തിന് മുമ്പ് ഏറെയും വഴക്കുകള്‍ ഉണ്ടായിട്ടുള്ളത്.

ഭയങ്കരമായി പ്രണയിച്ചുവെന്ന് പറയാന്‍ പറ്റില്ല. പിന്നെ വീട്ടുകാര്‍ കൂടി സംസാരിച്ചാണ് ഞങ്ങളുടെ വിവാഹം തീരുമാനിച്ചുവെന്നും ബിജു മേനോന്‍ പറയുന്നു. പ്രണയിക്കുന്നത് ബിജുവേട്ടന് ചമ്മലുള്ള കാരണമാണ്. ബിജുവേട്ടനെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ലെന്ന് താന്‍ വീട്ടില്‍ പറഞ്ഞിരുന്നുവെന്നും അങ്ങനെയാണ് വീട്ടുകാര്‍ കാര്യങ്ങള്‍ സംസാരിച്ച ഉറപ്പിച്ചതെന്നും സംയുക്ത കൂട്ടിച്ചേര്‍ത്തു.

അഭിമുഖത്തില്‍ ഉടനീളം ബിജുവിനെക്കാള്‍ കൂടുതല്‍ സംസാരിച്ചത് സംയുക്തയായിരുന്നു. ചേരേണ്ടവര്‍ തന്നെയാണ് ചേര്‍ന്നതെന്നാണ് പഴയ അഭിമുഖം കണ്ടതോടെ ആരാധകര്‍ കുറിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: