ന്യൂഡല്‍ഹി: പ്രിയസഖാവിന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാജ്യതലസ്ഥാനം. വൈകിട്ട് മൂന്ന് വരെ എ.കെ.ജി. ഭവനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറും. എ.കെ.ജി. ഭവനില്‍നിന്ന്, മുന്‍പ് സി.പി.എം. ഓഫീസ് പ്രവര്‍ത്തിച്ച അശോക റോഡിലെ റോഡ് 14 വരെ നേതാക്കള്‍ വിലാപയാത്രയായി മൃതദേഹംവഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിക്കും. അവിടെ നിന്ന് മൃതദേഹം എയിംസിന് വിട്ടുനല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ആംബുലന്‍സില്‍ അദ്ദേഹം വിദ്യാര്‍ഥിരാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ച ജെ.എന്‍.യു. കാമ്പസിനകത്തെ വിദ്യാര്‍ഥിയൂണിയന്‍ സെന്റെറിലെത്തിച്ചിരുന്നു. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നെഞ്ചുപൊട്ടുമാറുച്ചത്തില്‍ ലാല്‍സലാം മുഴക്കി പ്രിയസഖാവിന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. അവിടെനിന്ന് വൈകീട്ട് ആറോടെയാണ് വസന്തകുഞ്ചിലെ വസതിയില്‍ ഭൗതികശരീരം എത്തിച്ചത്.
കനത്ത മഴയത്താണ് ജെ.എന്‍.യു.വിലെത്തിച്ചതും പിന്നീട് വസതിയിലേക്ക് കൊണ്ടുവന്നതും. വസതിയില്‍ നേതാക്കള്‍ക്കുമാത്രമായിരുന്നു സന്ദര്‍ശനാനുമതി.
കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ത്രിമാരായ പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, വി.എന്‍. വാസവന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ അടക്കമുള്ളവര്‍ എത്തിയിട്ടുണ്ട്. സിപിഎം കേന്ദ്ര – സംസ്ഥാന നേതാക്കള്‍ തങ്ങളുടെ പ്രിയ സഖാവിന് അന്ത്യാഭിവാദ്യമര്‍പ്പിച്ചു.