വാര്‍ത്താവതാരകയില്‍നിന്നു നടിയായി മാറി, മിശ്രവിവാഹത്തോടെ ദുരിതം; ഇത് ‘മുണ്ടക്കല്‍ ശേഖരന്റെ ഭാര്യ’യുടെ കഥ
വാര്‍ത്താവതാരകയില്‍ നിന്നു ചലച്ചിത്ര നടിയായി മാറിയ താരമാണ് ഫാത്തിമ ബാബു. ഒരു കാലത്ത് ഫാത്തിമയെ കാണാന്‍ വേണ്ടി മാത്രം വാര്‍ത്ത കണ്ടിരുന്ന തമിഴ് യുവാക്കളുടെ ആരാധനാപാത്രമായിരുന്ന ഫാത്തിമ ബാബു പുതുച്ചേരിയിലെ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്.
ഡിഡി പൊതികൈ, ജയ ടിവി തുടങ്ങി നിരവധി ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്താ അവതരിപ്പിച്ചായിരുന്നു താരത്തിന്റെ കരിയര്‍ തുടങ്ങുന്നത്.
ഫാത്തിമ ടീവിയില്‍ ഉണ്ടെങ്കില്‍ അവരുടെ സാരിയും ആക്‌സസറികളും ഹെയര്‍സ്‌റ്റൈലും കാണാന്‍ മാത്രം അക്കാലത്ത് വാര്‍ത്ത കാണുന്നവര്‍ നിരവധിയായിരുന്നു. വാര്‍ത്ത കാണാന്‍ അല്ല ഫാത്തിമയെ കാണാന്‍ വന്നതാണെന്ന് അക്കാലത്ത് പലരും അടക്കം പറഞ്ഞിരുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് തമിഴ് ചിത്രമായ കല്‍ക്കിയില്‍ പ്രകാശ് രാജിനൊപ്പം അഭിനയിച്ചത്. പിന്നീട് പാസമുള്ള പാണ്ടിയാരെ, വിഐപി, ഉലത്തുറ, തുള്ളിത്തിരിണ്ട കാലം, സൊല്ലമലെ, കല്യാണ ഗലാട്ട, ദേഹിമു രസിച്ചേന്‍, തിതിക്കുടെ, ലേസ ലേസ തുടങ്ങി എഴുപതിലധികം ചിത്രങ്ങളിലും ഫാത്തിമ അഭിനയിച്ചു.
തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും വിവിധ വേഷങ്ങളിലെത്തി.ഇതിന് പുറമെ ചില സ്റ്റേജ് നാടകങ്ങളും ഫാത്തിമ സംവിധാനം ചെയ്തിട്ടുണ്ട്. 25- ലധികം സീരിയലുകളിലും ഫാത്തിമ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ എടുത്ത് പറയേണ്ട ചിത്രങ്ങളാണ് അലൈപായുതേ, യാരടീ നീ മോഹിനി, പറാട്ട് കിളി തുടങ്ങിയ. ഇതെല്ലാം തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
കമല്‍ഹാസന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ്‍ 3-ലും ഫാത്തിമ ഉണ്ടായിരുന്നെങ്കിലും. ബിഗ് ബോസ് ഹൗസില്‍ നിന്ന് രണ്ടാഴ്ചക്ക് ശേഷം പുറത്ത് പോകുന്ന ആദ്യ മത്സരാര്‍ത്ഥി കൂടിയായിരുന്നു ഫാത്തിമ. മുസ്ലീമായ ഫാത്തിമ ബാബു ഹിന്ദുമതത്തിലെ വ്യക്തിയെ വിവാഹം കഴിച്ചതിനാല്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഈയിടെ ഒരു അഭിമുഖത്തില്‍ ഫാത്തിമ തന്നെ പറയുന്നുണ്ട്. ഇരുവരും രണ്ട് മതസ്ഥരായതിനാല്‍ വിവാഹത്തില്‍ എതിര്‍പ്പുകളുണ്ടായിട്ടുണ്ട്. ഇതിന്റെ പേരില്‍ പലരും ഫാത്തിമയെയും ഭര്‍ത്താവിനെയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഫാത്തിമ പറയുന്നു.
തന്റെ മോശം കാലഘട്ടത്തെ കുറിച്ചും അവര്‍ പങ്ക് വെച്ചിരുന്നു. വിവാഹത്തിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് എത്തിയ ഫാത്തിമ ഓണ്‍ലൈന്‍ വഴി സാരി കച്ചവടവും നടത്തുന്നുണ്ട്. ആഷിക്, ഷാരൂഖ് എന്നിങ്ങനെ രണ്ട് ആണ്‍മക്കളും ഇവര്‍ക്കുണ്ട്, മൂത്ത മകന്‍ വിവാഹിതനാണ്. ന്യൂസ് റീഡറായിരുന്ന കാലത്ത് തന്നെ ചുറ്റിപ്പറ്റിയുള്ള ചില ഗോസിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി കണക്കിലുള്ള മറുപടിയും ഫാത്തിമ പറയാറുണ്ട്.
2001ല്‍ രാവണപ്രഭുവില്‍ അഭിനയിച്ചാണ് ഫാത്തിമ മലയാളത്തിലേക്ക് എത്തുന്നത്. മുണ്ടക്കല്‍ ശേഖരന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. പിന്നീട് ഒന്നാമന്‍, അലി ഭായ്, ഹലോ തുടങ്ങി ആദ്യത്തെ ചിത്രങ്ങളെല്ലാം മോഹന്‍ലാലിനൊപ്പമായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2014-ല്‍ ഇറങ്ങിയ ആശാ ബ്ലാക്കാണ് ഏറ്റവും അവസാനം എത്തിയ ചിത്രം. ഏഷ്യാനെറ്റിലെ സ്വാമി അയ്യപ്പന്‍, മഴവില്‍ മനോരമയിലെ മക്കള്‍ തുടങ്ങിയ സീരിയലുകളിലും താരം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ചെന്നൈ കേന്ദ്രീകരിച്ച് ഫാബ്‌സ് തീയ്യേറ്റര്‍ എന്ന നാടക നിര്‍മ്മാണ ഗ്രൂപ്പ് ഫാത്തിമ ആരംഭിച്ചിരുന്നു. കെ. ബാലചന്ദറാണ് ഫാത്തിമയെ നാടകത്തിലേക്ക് എത്തിക്കുന്നത്. ഫാത്തിമയുടെ സംവിധാനത്തില്‍ നിരവധി നാടകങ്ങളും സ്റ്റേജിലെത്തി. കുറച്ചുകാലം രാഷ്ട്രീയത്തിലും ഫാത്തിമ സജീവമായിരുന്നു. ജയലളിതയുടെ അണ്ണാഡിഎംകെയ്ക്ക് വേണ്ടി പ്രചാരണം നടത്തുകയും ഒടുവില്‍ പാര്‍ട്ടിയുടെ വക്താവെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ജയലളിതയുടെ മരണശേഷം ഫാത്തിമ ഒ. പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നെങ്കിലും പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്നും അകന്നു.