മലപ്പുറം: തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തില്‍ അഴിമതി നടന്നതായി ആരോപണം. 2021-22 വര്‍ഷത്തിലാണ് സ്റ്റേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
പണപ്പിരിവ് നടത്തിയും വ്യാപാരികളില്‍നിന്ന് സാധനങ്ങള്‍ എത്തിച്ചുമാണ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണം നടത്തിയതെന്നാണ് ആക്ഷേപം. കൂടാതെ തൊണ്ടിമുതലായി സൂക്ഷിച്ച മണലും സ്റ്റേഷന്‍ നവീകരണത്തിനായി ഉപയോഗിച്ചതായി ആരോപണമുണ്ട് . ഇതുമായി ബന്ധപ്പെട്ട് അന്നുതന്നെ പരാതി ഉയര്‍ന്നിരുന്നു.
സ്റ്റേഷന്‍ നവീകരണത്തിന് 24 ലക്ഷം രൂപ ചെലവായെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, തിരൂരങ്ങാടി സ്റ്റേഷനില്‍ പോയാല്‍ ഇതിന്റെ വസ്തുത മനസിലാകുമെന്നും ടൈല്‍സും കമ്പികളും ഷീറ്റുമെല്ലാം സൗജന്യമായി നല്‍കിയതാണെന്നും യൂത്ത് ലീഗ് നേതാവ് യു.എ റസാഖ് പറഞ്ഞു. ഇതിനു പുറമെ തൊണ്ടിമണലും ഉപയോഗിച്ചായിരുന്നു നവീകരണം. ഇതേകുറിച്ചെല്ലാം അക്കാലത്തുതന്നെ പരാതി ഉയര്‍ത്തിയിരുന്നു. അന്ന് എസ്പി ആയിരുന്ന സുജിത് ദാസിന് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്നും റസാഖ് ആരോപിച്ചു.
ഡിജിപിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നെങ്കിലും സുജിത് ദാസിനെക്കൊണ്ടാണ് അന്വേഷിപ്പിച്ചത്. സ്റ്റേഷനില്‍ എസ്എച്ച്ഒ ആയിരുന്നത് സന്ദീപ് കുമാറാണ്. എസ്‌ഐ ആയിരുന്നത് പ്രിയനും. ഇവരൊക്കെ അന്ന് ആരോപണത്തിനു വിധേയരായ ആളുകളാണ്. ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല. പുതിയ സാഹചര്യത്തില്‍ വീണ്ടും എസ്പിക്കു പരാതി നല്‍കിയിട്ടുണ്ടെന്നും യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു.
പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പില്‍ നടത്തിയ സ്റ്റേഷന്‍ നവീകരണത്തിന് സര്‍ക്കാരില്‍നിന്നു പണംവാങ്ങിയെന്നാണ് പരാതി. അന്ന് പണം നല്‍കാതിരുന്ന വ്യാപാരികള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. നിര്‍മാണത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നാണ് ആവശ്യം ഉയരുന്നത്.