ഭോപാല്‍: കൊളംബസല്ല ഇന്ത്യന്‍ നാവികനായ വസുലനാണ് അമേരിക്ക കണ്ടുപിടിച്ചതെന്ന് മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്ദര്‍ സിങ് പര്‍മര്‍. ബര്‍ക്കത്തുല്ല സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് മന്ത്രിയുടെ ‘ചരിത്ര’ പ്രസംഗം.
അമേരിക്ക കണ്ടുപിടിച്ചത് കൊളംബസാണെന്നത് തെറ്റായ വിവരമാണ്. വാസ്‌കോഡ ഗാമയെയും കൊളംബസിനെ പറ്റിയും തെറ്റായ കാര്യങ്ങളാണ് സിലബസിലുള്ളത്. അത് പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാസ്‌കോഡ ഗാമയെത്തുന്നതിന് മുമ്പ് ഇന്ത്യയിലെത്തിയത് ചന്ദനാണ്. ചന്ദനെ പിന്തുടര്‍ന്നാണ് ഗാമ ഇന്ത്യയിലേക്കെത്തുന്നത്. വ്യാപാരിയായ ചന്ദന്റെ കപ്പല്‍ തന്റെ കപ്പലിനേക്കാള്‍ വലുതാണെന്ന് വാസ്‌കോഡ ഗാമ എഴുതിയിട്ടുണ്ട്. എന്നിട്ടും ഇന്ത്യയിലേക്ക് കടല്‍മാര്‍ഗം ആദ്യമെത്തിയത് വാസ്‌കോഡ ഗാമയാണെന്ന തെറ്റായ വിവരമാണ് ചരിത്രകാരന്മാര്‍ പഠിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എട്ടാം നൂറ്റാണ്ടില്‍ ഒരു ഇന്ത്യന്‍ നാവികന്‍ അമേരിക്കയിലേക്ക് പോയി. അദ്ദേഹം സാന്‍ഡിയാഗോയില്‍ നിരവധി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു. ഇതിന്റെ രേഖകള്‍ ഇപ്പോഴും അവിടെയുള്ള ഒരു മ്യൂസിയത്തിലുണ്ടെന്നും പര്‍മര്‍ പറഞ്ഞു. ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി മോഹന്‍ യാദവ്, നിരവധി പ്രൊഫസര്‍മാരും ബിരുദധാരികളും ഇരിക്കുന്ന വേദിയിലായിരുന്നു മന്ത്രി കണ്ടെത്തലുകള്‍ പങ്കുവെച്ചത്.